മോഷണത്തിനിടെ പുസ്തകം വായിച്ചിരുന്ന കള്ളൻ പിടിയിൽ; വായിക്കാൻ പുസ്തകം കൊടുക്കാമെന്ന് എഴുത്തുകാരൻ

പ്രതീകാത്മക ചിത്രം | Generated by Canva AI
പ്രതീകാത്മക ചിത്രം | Generated by Canva AI

റോം: മോഷണത്തിനിടെ പുസ്തകം വായിച്ചിരുന്ന കള്ളന്‍ പിടിയിലായി. ഗ്രീക്ക് പുരാണത്തെ കുറിച്ചുള്ള പുസ്തകം വായിച്ചിരിക്കുമ്പോഴാണ് 38-കാരനായ കള്ളന് പിടിവീണത്. ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് സംഭവം.

ഉറക്കത്തിനിടെ ഞെട്ടിയുണര്‍ന്ന 71-കാരനായ വീട്ടുടമയാണ് പുസ്തകം വായിച്ചിരുന്ന കള്ളനെ കണ്ടത്. തുടര്‍ന്ന് കള്ളന്‍ ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വൈകാതെ പിടിയിലാകുകയായിരുന്നു. ഒരു പരിചയക്കാരനെ കാണാനായാണ് താന്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. 

ഗ്രീക്ക് കവിയായ ഹോമറുടെ ഇലിയഡ് എന്ന ഇതിഹാസ കാവ്യത്തെക്കുറിച്ച് ഇറ്റാലിയന്‍ എഴുത്തുകാരനായ ജിയോവന്നി നുച്ചി എഴുതിയ ദി ഗോഡ്‌സ് അറ്റ് സിക്‌സ് ഒക്ലോക്ക് എന്ന പുസ്തകമാണ് കള്ളന്‍ വായിച്ചത്. അറസ്റ്റിലായ കള്ളന് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കണമെന്നും അയാള്‍ അത് വായിച്ച് പൂര്‍ത്തിയാക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന്, വാര്‍ത്ത അറിഞ്ഞ ജിയോവന്നി നുച്ചി പറഞ്ഞു. ഗ്രീക്ക് പുരാണത്തിലെ കള്ളന്മാരുടെ സംരക്ഷകനായ ദൈവമായ ഹെര്‍മീസാണ് നുച്ചിയുടെ പ്രിയപ്പെട്ട കഥാപാത്രമെന്നതും കൗതുകമായി. 

Content Highlights: Italian Thief Puts Stealing On Hold To Read A Book About Greek Mythology, Caught