പിസ ഓർഡർചെയ്ത് വിളിച്ചുവരുത്തി; യുഎസിൽ ഇന്ത്യക്കാരൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു, ദൂരൂഹത

#ന്യൂസ് ഡെസ്ക്
അൻഷുൽ കുഞ്ച | Photo: X
അൻഷുൽ കുഞ്ച | Photo: X

ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശിയായ 28-കാരൻ അൻഷുൽ കുഞ്ച ആണ് ശനിയാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

നാല് വർഷം മുമ്പ് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ അൻഷുൽ വാരാന്ത്യങ്ങളിൽ പാർട്ട് ടൈം ആയി പിസ ഡെലിവറി ചെയ്യാറുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ലഭിച്ച ഓർഡർ ഡെലിവർ ചെയ്യാൻ പോയ അൻഷുലിനുനേരെ അജ്ഞാതർ  വെടിയുതിർക്കുകയായിരുന്നു. തലയ്ക്കുവെടിയേറ്റ അൻഷുൽ തൽക്ഷണം മരിച്ചു. വെടിയുതിർത്ത ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പ്രാഥമികാന്വേഷണത്തിൽ പിസ ഓർഡർ വ്യാജമായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമം നടന്ന സ്ഥലത്ത് രണ്ട് മുഖംമൂടി ധാരികളെ കണ്ടതായി സാക്ഷിമൊഴികളുണ്ട്. സംഭവസമയത്ത് അൻഷുലിന്റെ പക്കൽനിന്ന് പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നും അതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. മുൻപ് ഒരിക്കൽ അൻഷുൽ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും മാതാപിതാക്കൾ മക്കളെ അമേരിക്കയിലേക്ക് അയക്കരുതെന്നും കുടുബം  പറഞ്ഞു.

തെലങ്കാനയിലെ ഗുണ്ട്ലപ്പോച്ചംപള്ളി സ്വദേശിയായ അൻഷുൽ ഹൈദരാബാദിൽനിന്ന് ബി.ടെക് പൂർത്തിയാക്കിയശേഷം ഉപരിപഠനത്തിനായാണ് അമേരിക്കയിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം കെ.ഡബ്ല്യു.സി എന്ന മൾട്ടിനാഷണൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. അധിക വരുമാനത്തിനായാണ് അവധി ദിവസങ്ങളിൽ പിസ ഡെലിവറി ജോലി ചെയ്തിരുന്നത്.

സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി. അൻഷുലിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് കുടുംബം അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അൻഷുലിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Content Highlights: Anshul Kuncha, 28, was killed in a suspected set-up in Philadelphia., The incident occurred while he was working a part-time pizza delivery job., Family believes it was a targeted killing rather than a robbery attempt., The Indian Consulate in New York is coordinating the investigation and repatriation process., The incident has sparked significant concern within the Telugu community in the US.