ഏഴുമാസത്തോളം തടവില്‍, കാരണം വ്യക്തമാക്കിയില്ല; ഒടുവില്‍ ബ്രിട്ടീഷ് ദമ്പതിമാരെ വിട്ടയച്ച് താലിബാന്‍

പീറ്റര്‍, ബാര്‍ബി റെയ്‌നോള്‍ഡ്‌സ്‌ | Photo: AFP
പീറ്റര്‍, ബാര്‍ബി റെയ്‌നോള്‍ഡ്‌സ്‌ | Photo: AFP

ദുബായ്: അഫ്ഗാനിസ്താനില്‍ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ചിരുന്ന ബ്രിട്ടീഷ് പൗരത്വമുള്ള ദമ്പതിമാരെ വിട്ടയച്ച് താലിബാന്‍. പീറ്റര്‍ (80), ബാര്‍ബി റെയ്‌നോള്‍ഡ്‌സ് (75) എന്നിവരെയാണ് താലിബാന്‍ ഭരണകൂടം വിട്ടയച്ചത്. ഏഴുമാസത്തോളം അകാരണമായി ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപണം യു.കെയിലുള്ള ദമ്പതിമാരുടെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നിരുന്നു. ദമ്പതിമാരെ അടിയന്തരമായി വിട്ടയ്ക്കണമെന്നും തടങ്കലില്‍ ഇവരോട് താലിബാന്‍ മോശമായിട്ടാണ് പെരുമാറിയിരുന്നതെന്നും കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിയ താലിബാന്‍ അഫ്ഗാന്‍ നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതിമാരെ അറസ്റ്റുചെയ്തതെന്ന് അറിയിച്ചു. എന്നാൽ ഏത് നിയമമാണ് ലംഘിച്ചതെന്ന് ഭരണകൂടം വ്യക്തമാക്കിയില്ല.

18 വര്‍ഷത്തോളമായി അഫ്ഗാനിസ്താനില്‍ ഒരു വിദ്യാഭ്യാസ, പരിശീലന സ്ഥാപനം നടത്തിവരികയായിരുന്നു ദമ്പതിമാര്‍. 2021-ല്‍ യു.എസ് പിന്തുണയുളള ഗവണ്‍മെന്റിനെ താലിബാന്‍ അട്ടിമറിച്ച് രാജ്യം പിടിച്ചെടുത്തിട്ടും അഫ്ഗാനിസ്താന്‍ വിടാന്‍ ദമ്പതിമാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഖത്തറിന്റെ നേതൃത്വത്തില്‍ യു.എസ്സും താലിബാനും നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ചയിലാണ് ദമ്പതിമാരെ വിട്ടയ്ക്കാന്‍ ധാരണയായത്. 

ജൂലായില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ വിദഗ്ധരും ദമ്പതിമാരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കകള്‍ അറിയിച്ചിരുന്നു. ദമ്പതിമാരുടെ ശാരീരികവും മാനസികവുമായ അവസ്ഥ വഷളായികൊണ്ടിരിക്കുകയാണെന്നും ഇത് മരണത്തിന് വരെ കാരണമായേക്കാമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തില്‍ അമേരിക്കയുമായുള്ള ബന്ധം സാധാരണനിലയിലേക്കാക്കുന്നതിന്റെ ഭാഗമായി തടവുകാരുടെ കൈമാറ്റത്തെ പറ്റി യു.എസ് പ്രതിനിധികളുമായി ധാരണയായതായി താലിബാന്‍ അറിയിച്ചിരുന്നു. അഫ്ഗാനിസ്താനില്‍ വിനോദസഞ്ചാരിയായി എത്തിയ അമേരിക്കന്‍ പൗരന്‍ ജോര്‍ജ്ജ് ഗ്ലെസ്മാനെ താലിബാന്‍ പിടികൂടി വിട്ടയച്ച ശേഷമായിരുന്നു അമേരിക്കയുമായുള്ള ഈ നിര്‍ണായക ചര്‍ച്ച.
 

Content Highlights: taliban released british couple held in Afghanistan for over seven months