താലിബാന്‍ തല്ലിക്കെടുത്തിയ സ്വപ്‌നങ്ങള്‍; ഇന്റര്‍നെറ്റ് നിരോധനത്തോടെ ഒറ്റപ്പെട്ട് അഫ്ഗാന്‍, വിമാനസര്‍വീസുകളും നിലച്ചു

കാബൂള്‍: താലിബാന്‍ ഭരണകൂടത്തിന്റെ ഇന്റര്‍നെറ്റ് നിരോധനം അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങളെയും ബാങ്കിങ് മേഖലയെയും സ്തംഭിപ്പിച്ചു. തിങ്കളാഴ്ചയാണ് താലിബാന്‍ ഭരണകൂടം രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും വിച്ഛേദിച്ചത്. ഇന്റര്‍നെറ്റ് നിരോധനത്തിന് പിന്നിലെ കാരണമെന്താണെന്ന് താലിബാന്‍ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ലെങ്കിലും സദാചാരനിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് അധാര്‍മികമാണെന്നാണ് താലിബാന്റെ നിലപാടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് രാജ്യത്തെ വിമാനസര്‍വീസുകളെയും ബാധിച്ചതായാണ് വിവരം. അഫ്ഗാനിലെ പ്രധാനവിമാനത്താവളമായ കാബൂള്‍ വിമാനത്താവളം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് ബിബിസി റിപ്പോര്‍ട്ട്‌ചെയ്തു. ചൊവ്വാഴ്ച കാബൂളില്‍നിന്ന് പുറപ്പെടുന്നതും കാബൂളിലേക്ക് വരുന്നതുമായ ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. വ്യാഴാഴ്ച വരെ കാബൂളിലേക്ക് സര്‍വീസുകളില്ലെന്നാണ് പല വിമാനക്കമ്പനികളും യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്റര്‍നെറ്റ് നിരോധനം തുടരുമെന്നാണ് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ എന്ന് പുനഃരാരംഭിക്കുമെന്നതിലും വ്യക്തതയില്ല.
ആശയവിനിമയമാര്‍ഗം തടസ്സപ്പെട്ടതിന് പുറമേ രാജ്യത്തെ ബാങ്കിങ്, ഓണ്‍ലൈന്‍ പഠനത്തെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളടക്കം നിശ്ചലമായി. ഇന്റര്‍നെറ്റ് നിരോധനത്തോടെ അഫ്ഗാന്‍ ജനതയുടെ പുറംലോകവുമായുള്ള എല്ലാബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ വിവിധപ്രവിശ്യകളിലായി താലിബാന്‍ ഭരണകൂടം ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചുവരികയാണ്. എന്നാല്‍, തിങ്കളാഴ്ച വൈകീട്ടുവരെ തലസ്ഥാനമായ കാബൂളില്‍ ഇത്തരം നടപടികളുണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് പ്രവൃത്തിദിവസം അവസാനിച്ചതിന് പിന്നാലെയാണ് കാബൂളിലെ ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്രയുംവേഗം പുനഃസ്ഥാപിക്കാന്‍ യുഎന്‍ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവസാന പ്രതീക്ഷയും അസ്തമിച്ചു
ഉന്നതപഠനത്തിനും ജോലിചെയ്യാനും വിലക്കുള്ള അഫ്ഗാനിലെ സ്ത്രീകളുടെ ഏകപ്രതീക്ഷയായിരുന്നു ഇന്റര്‍നെറ്റ് വഴിയുള്ള പഠനവും ജോലികളും. എന്നാല്‍, താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ നടപടി അഫ്ഗാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എല്ലാസ്വപ്‌നങ്ങളെയും തല്ലിക്കെടുത്തി. 2021-ല്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 12 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠനം നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്ക് ജോലികളിലും വിലക്കേര്‍പ്പെടുത്തി. ഇതോടെ വീടുകളില്‍ ഒറ്റപ്പെട്ടുപ്പോയ പെണ്‍കുട്ടികളില്‍ പലരും ഓണ്‍ലൈന്‍ പഠനത്തെയാണ് ആശ്രയിച്ചിരുന്നത്.
അഫ്ഗാനിലെ സര്‍വകലാശാലയില്‍നിന്ന് നേരത്തെ ബിരുദംനേടിയ ഫഹിമ നൂരി(യഥാര്‍ഥ പേരല്ല) ഏറെ സങ്കടത്തോടെയാണ് പുതിയ നടപടിയെക്കുറിച്ച് ബിബിസിയോട് പ്രതികരിച്ചത്. ''അടുത്തിടെയാണ് ഓണ്‍ലൈന്‍ വഴി ഒരു സര്‍വകലാശാലയുടെ കോഴ്‌സില്‍ ഞാന്‍ ചേര്‍ന്നത്. പഠനമെല്ലാം കഴിഞ്ഞ് ഓണ്‍ലൈന്‍ ജോലി എന്തെങ്കിലും നേടാമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാല്‍, ഇന്നത്തോടെ ആ പ്രതീക്ഷയും അസ്തമിച്ചു. അവസാനത്തെ പ്രതീക്ഷയായിരുന്നു ഓണ്‍ലൈന്‍ പഠനം. ആ സ്വപ്‌നമാണ് ഇപ്പോള്‍ തകര്‍ന്നത്'', ഫഹിമ നൂരി പറഞ്ഞു.
നേരത്തെ പല കോഴ്‌സുകളും പഠിച്ചിരുന്നവര്‍ക്ക് താലിബാന്‍ ഭരണമേറ്റതോടെ അതെല്ലാം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. പിന്നീട് പല ഓണ്‍ലൈന്‍ കോഴ്‌സുകളുമാണ് ഇവര്‍ പഠിച്ചിരുന്നത്. ഈ സ്വപ്‌നങ്ങള്‍ക്ക് മേലാണ് ഇപ്പോള്‍ കരിനിഴല്‍വീണിരിക്കുന്നത്. ''ഞങ്ങള്‍ക്ക് പഠിക്കണം. ഞങ്ങള്‍ക്ക് ജോലി വാങ്ങി ഭാവിയില്‍ ജനങ്ങളെ സഹായിക്കണം. ഇന്റര്‍നെറ്റ് നിരോധിച്ചെന്ന് കേട്ടതോടെ ലോകം ഇരുണ്ടുപോയ പോലെയാണ് എനിക്ക് തോന്നിയത്'', അഫ്ഗാനിലെ തഹ്കര്‍ പ്രവിശ്യയില്‍ താമസിക്കുന്ന ഷാക്കിബ പറഞ്ഞു. പെണ്‍കുട്ടികളെയും സ്ത്രീകളെയും മാത്രമല്ല, ഓണ്‍ലൈന്‍ വഴി പഠനവും വരുമാനമാര്‍ഗങ്ങളും കണ്ടെത്തുന്ന ആണ്‍കുട്ടികളെയും യുവാക്കളെയും പുതിയ തീരുമാനം വലിയരീതിയില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Content Highlights: Afghanistan`s Taliban government has severed internet services, paralyzing airports and the banking sector. Reports suggest it`s part of a crackdown on `immoral` content, impacting women`s education and livelihoods.