‘അവരെ ഉപദ്രവിക്കരുത്’; പാകിസ്താൻകാരനെ വിവാഹംകഴിച്ച ഇന്ത്യൻ യുവതിക്ക് അനുകൂല ഉത്തരവുമായി പാക് ഹൈക്കോടതി

ലാഹോർ: പാകിസ്താൻ പൗരനെ വിവാഹം കഴിച്ച സിഖ് യുവതിക്കെതിരെയുണ്ടായ ആക്രമണങ്ങളിൽ നടപടിയെടുത്ത് പാകിസ്താൻ കോടതി. ഇന്ത്യൻ പൗരയായ സരബ്ജീത് കൗർ, ഭർത്താവായ പാകിസ്താൻ പൗരൻ നാസിർ ഹുസൈൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.
ഗുരുനാനാക്കിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് വാഗാ അതിർത്തി വഴി പാകിസ്താനിലേക്ക് പ്രവേശിച്ച തീർഥാടകയായിരുന്നു 48 കാരിയായ സരബ്ജീത് കൗർ. തീർഥാടകസംഘം നവംബർ 13-ന് നാട്ടിലേക്ക് തിരിച്ചെങ്കിലും കൗറിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ നവംബർ 14-ന് ഇവർ പാകിസ്താനിലെ ഷെയ്ഖുപുര ജില്ലക്കാരനായ നാസിർ ഹുസൈനെ വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി. ഇവരുടെ നിക്കാഹിന്റെ 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പാകിസ്താൻ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ചൊവ്വാഴ്ച, ഷെയ്ഖുപുരയിലെ ഫറൂഖാബാദിലുള്ള തങ്ങളുടെ വീട്ടിൽ പോലീസ് നിയമവിരുദ്ധമായി റെയ്ഡ് നടത്തിയെന്നും വിവാഹം തടയാൻ ശ്രമിച്ചെന്നും ആരോപിച്ച് കൗറും ഹുസൈനും ലാഹോർ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. തന്റെ ഭർത്താവ് പാകിസ്താൻ പൗരനാണെന്നും വിസ നീട്ടാനും പാകിസ്താൻ പൗരത്വം നേടാനും ഇന്ത്യൻ മിഷനെ സമീപിച്ചിട്ടുണ്ടെന്നും കൗർ ഹർജിയിൽ പറഞ്ഞു. തുടർന്നാണ് പോലീസ് ഹർജിക്കാരെ ഉപദ്രവിക്കുന്നത് തടഞ്ഞുകൊണ്ട് എൽഎച്ച്സി ജസ്റ്റിസ് ഫാറൂഖ് ഹൈദർ ഉത്തരവിട്ടത്.
അതേസമയം, ഇന്ത്യയുടെ രാജ്യസുരക്ഷ കണക്കിലെടുക്കുമ്പോൾ വിഷയം ഗൗരവകരമാണെന്നും കേന്ദ്ര ഏജൻസികളുമായി ചേർന്ന് സേന വിഷയം പരിശോധിക്കുന്നുണ്ടെന്നും പഞ്ചാബ് കപൂർത്തല സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ടൂറ പറഞ്ഞു. സുൽത്താൻപൂർ ലോധിയിലെ അമാനിപുർ എന്ന കൗറിന്റെ ഗ്രാമം ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ട്. പാകിസ്താൻ സന്ദർശിക്കാനുള്ള ഇവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിൽ സരബ്ജിത്തിന് ക്രിമിനൽ ചരിത്രമുണ്ടെന്ന് പഞ്ചാബ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബത്തിൻഡയിലും കപൂർത്തലയിലും ഇവർക്കെതിരെ മൂന്ന് വഞ്ചനാ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഗ്രാമവാസികളും കുടുംബാംഗങ്ങളും ഇവരെപ്പറ്റി സംസാരിക്കാൻ വിസമ്മതിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സാമൂഹ്യമാധ്യമം വഴിയാണ് സരബ്ജീത് കൗറും നാസിർ ഹുസൈനും അടുപ്പത്തിലായത്. തുടർന്ന് പാകിസ്താനിലെത്തിയ സരബ്ജീത് കൗർ മതംമാറി മുസ്ലിം ആയശേഷമാണ് നാസിർ ഹുസൈനെ വിവാഹംകഴിച്ചത്. അന്വേഷണത്തിൽ കൗറിന്റെ ആദ്യഭർത്താവ് വിദേശത്താണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.