'ദയവായി കണ്ണടയ്ക്കരുത്, ഞങ്ങൾക്ക് നിങ്ങളെ വേണം'; ആ 45 മിനിറ്റ്, മച്ഛാറിന്റെ ജീവൻ കൈയിൽപിടിച്ച ദന്തഡോക്ടർ ഷുത മുസേവ് പറയുന്നു

ടെൽ അവീവ്: 'ദയവായി കണ്ണടയ്ക്കരുത്, ഞങ്ങൾക്ക് നിങ്ങളെ വേണം' - ഇസ്രയേലിൽ താമസിക്കുന്ന ജോർജിയൻ ദന്തഡോക്ടറായ ഷുത മുസേവ് പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാറിനോട് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന വാക്കുകളാണിത്. ഫ്‌ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിൽ നിന്നുണ്ടായ അക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ ജീവൻ നിലനിർത്തുന്നതിനായി പോരാടിയ സംഘർഷഭരിതമായ 45 മിനിറ്റിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഡോ. മുസേവ്.
സെപ്റ്റംബർ 30-ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന വിമാനത്തിൽവെച്ച് സഹപൈലറ്റും ഒമാൻ പൗരനുമായ ഹമാം അൽ ഹമാമിയുടെ ആക്രമണത്തിലാണ് ക്യാപ്റ്റൻ മച്ഛാറിന് തലയ്ക്കും കഴുത്തിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ പൈലറ്റ് കോക്ക്പിറ്റിലെ തറയിൽ കിടക്കുമ്പോൾ, വിമാനത്തിലുണ്ടായിരുന്ന ഒരു ദന്തഡോക്ടർ അപ്രതീക്ഷിത രക്ഷകനായി മാറുകയും പൈലറ്റിന്റെ ജീവൻ രക്ഷിക്കുകയുമായിരുന്നു.
വിമാനത്തിനുള്ളിൽ സ്ഥിതിഗതികൾ വളരെ ഗുരുതരമായിരുന്നു. പരിക്കേറ്റ് കോക്ക്പിറ്റ് തറയിൽ കിടക്കുമ്പോഴാണ് വിമാനം താഴേക്ക് പോകുന്നതായി മച്ഛാറിന് മനസ്സിലായത്. മുറിവുകൾ വകവെക്കാതെ അദ്ദേഹം കോക്ക്പിറ്റ് വാതിൽ തുറക്കാൻ ഒരു അവസാന ശ്രമം കൂടി നടത്തി. വാതിൽ തുറന്നതോടെയാണ് യാത്രക്കാരിൽ ചിലർക്ക് കോക്ക്പിറ്റിനുള്ളിൽ കടക്കാനും അക്രമിയെ കീഴ്‌പ്പെടുത്താനും സാധിച്ചത്. യാനിവ് ഹയൂൺ എന്ന യാത്രക്കാരനാണ് അക്രമിയായ ഹമാമിയെ കോക്ക്പിറ്റിൽ നിന്ന് വലിച്ചിഴച്ച് മാറ്റുകയും, മൂന്നാമതൊരു പൈലറ്റ് ചുമതലയേൽക്കുന്നതുവരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തത്.
വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടറായ ഡോ. മുസേവ്, നിലവിളി കേട്ട ഉടൻ തന്നെ മച്ഛാറിന്റെ സഹായത്തിനായി ഓടിയെത്തുകയായിരുന്നു. മറ്റ് യാത്രക്കാർക്കൊപ്പം ആക്രമണകാരിയെ കീഴടക്കാൻ സഹായിച്ച ശേഷമാണ് അദ്ദേഹം കടുത്ത രക്തസ്രാവമുണ്ടായിരുന്ന മച്ചാറിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ടി-ഷർട്ടുകളും ഐസ് പാക്കുകളും താത്കാലിക പ്രഷർ ഡ്രെസ്സിങ്ങായി ഉപയോഗിച്ച് അദ്ദേഹം രക്തസ്രാവം നിയന്ത്രിക്കാനും ക്യാപ്റ്റന്റെ നില സുസ്ഥിരമാക്കാനും ശ്രമിച്ചു.
'ആ സാഹചര്യത്തിൽ ഈ വിമാനത്തിനും യാത്രക്കാർക്കും വേണ്ടി എനിക്ക് എങ്ങനെ സഹായിക്കാൻ കഴിയും എന്നാണ് ഞാൻ ചിന്തിച്ചത്. അപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന പൈലറ്റിനെ ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ തലയിൽ നിന്നും ഇടതുകയ്യിൽ നിന്നും കടുത്ത രക്തസ്രാവമുണ്ടായിരുന്നു. മുറിവുകൾ ആഴത്തിലുള്ളതായിരുന്നു, അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ധാരാളം ഐസ് പാക്കറ്റുകൾ ആവശ്യമായി വന്നു. എന്നാൽ രക്തസ്രാവം പരിശോധിക്കാൻ ടീ-ഷർട്ട് മാറ്റുമ്പോഴെല്ലാം കൂടുതൽ രക്തം വരും. അതിനാൽ ഐസ് വെച്ച് ഞാൻ അമർത്തിപ്പിടിച്ചു. 45 മിനിറ്റും ഞാൻ ആ അമർത്തൽ തുടർന്നു.' മൂസേവ് പറഞ്ഞു.
മച്ഛാറിന് ബോധം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നിർണായകമാണെന്ന് ദന്തഡോക്ടർക്ക് അറിയാമായിരുന്നു. പിന്നാലെ അദ്ദേഹം മച്ചറിന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കാനും കുട്ടികളുടെ വിവരങ്ങൾ ചോദിക്കാനും ഉടൻ തന്നെ സഹായമെത്തുമെന്ന് ആശ്വസിപ്പിക്കാനും തുടങ്ങി. 'ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'ദയവായി ഉറങ്ങരുത്, ഞങ്ങൾക്ക് നിങ്ങളെ വേണം.' എത്ര കുട്ടികളുണ്ടെന്നും അവരുടെ പേരുകളും ചോദിച്ചു. പേടിക്കണ്ട, നിങ്ങൾ കുടുംബത്തിലേക്ക് തിരികെ പോകും, നമ്മൾ ഉടൻ ലാൻഡ് ചെയ്യും എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞുകൊണ്ടേയിരുന്നു.' ഡോ. കൂട്ടിച്ചേർത്തു.
മച്ഛാർ മൂസേവിനോട് തന്റെ പേരും വയസ്സും പറഞ്ഞു. താൻ ഇന്ത്യക്കാരനാണെന്നും ദുബായിലാണ് താമസിക്കുന്നതെന്നും പറഞ്ഞു. തുടർന്ന് ക്യാപ്റ്റന്റെ ഭാഗത്തുനിന്നും ഉണ്ടായ വൈകാരികമായ ഒരു അഭ്യർത്ഥന ഇപ്പോഴും തന്നെ വേദനിപ്പിക്കുന്നതായി ഡോ. കൂട്ടിച്ചേർത്തു. 'എല്ലാം ശരിയാകും' എന്ന് ഞാൻ പൈലറ്റിനോട് പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, 'ദയവായി എന്നെ സഹായിക്കൂ... എന്നെ സഹായിക്കൂ. എനിക്ക് ഇവിടെ വെച്ച് മരിക്കേണ്ട എന്നാണ്.' ഡോ. പറയുന്നു.
'അദ്ദേഹത്തിന്റെ മുറിവുകൾ വലുതായിരുന്നു, കൈകളിൽ വലിയ ചൂട് അനുഭവപ്പെടുന്നു എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. എല്ലാം ശരിയാകുമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകിക്കൊണ്ടേയിരുന്നു.' മൂസയേവ് പറഞ്ഞു. പക്ഷേ, സമയം പോകുന്തോറും മച്ചാറിന്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായിവന്നു. 'ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ നാഡിമിടിപ്പ് വളരെ കുറഞ്ഞുപോയി, അതിനാൽ ഞാൻ അദ്ദേഹത്തിന്റെ കാലുകൾ ഉയർത്തി വെച്ചു, അതിനുശേഷമാണ് നാഡിമിടിപ്പ് തിരികെ വന്നത്.' മൂസേവ് പറഞ്ഞു.
'അദ്ദേഹത്തിന്റെ ചുണ്ടുകൾ നീലനിറമാകുന്നത് കണ്ടപ്പോൾ, 'നമുക്ക് എത്രയും വേഗം ലാൻഡ് ചെയ്യണം, അദ്ദേഹത്തിന് ഇനി അധികം സമയമില്ല' എന്ന് ഞാൻ ഫ്‌ളൈറ്റ് സ്റ്റ്യുവർഡിനോട് പറഞ്ഞു.' ഡോ. മൂസേവ് സംഘർഷഭരിതമായ ആ നിമിഷങ്ങൾ ഓർത്തെടുത്തു. മച്ഛാർ വേദനാസംഹാരികൾ ആവശ്യപ്പെടുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ കാണാമായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഗുളികകളൊന്നും നൽകേണ്ടതില്ലെന്നാണ് താൻ തീരുമാനിച്ചതെന്ന് മൂസേവ് പറയുന്നു.
'അദ്ദേഹം മലർന്നു കിടക്കുകയായിരുന്നു. വീണ്ടും രക്തസ്രാവമുണ്ടാകാൻ ആഗ്രഹിക്കാത്തതിനാൽ അദ്ദേഹത്തെ ഉയർത്താൻ ഞാൻ മടിച്ചു. അദ്ദേഹത്തെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നതും മരുന്നുകൾ നൽകുന്നതും അപകടകരമായിരുന്നു. വിമാനജീവനക്കാർ മരുന്ന് നൽകാൻ ആഗ്രഹിച്ചെങ്കിലും ഞാൻ അത് സമ്മതിച്ചില്ല.' പകരം, അദ്ദേഹം മച്ഛാറിന് ചെറിയ അളവിൽ വെള്ളം കുടിക്കാൻ നൽകുകയും അദ്ദേഹത്തിന്റെ ആരോഗ്യ സൂചകങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയും ചെയ്തു. 'അദ്ദേഹം സംസാരിക്കുന്നുണ്ടോ, ഉറങ്ങാതിരിക്കുന്നുണ്ടോ എന്നതും, അദ്ദേഹത്തിന്റെ നാഡിമിടിപ്പും ചുണ്ടുകളുടെ നിറവും മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന സൂചകങ്ങൾ.' മൂസേവ് പറഞ്ഞു.
വിമാനം സൗദി അറേബ്യയിൽ ലാൻഡ് ചെയ്യുന്നത് വരെ, ക്യാപ്റ്റന്റെ ജീവൻ നിലനിർത്താൻ ദന്തഡോക്ടർ പോരാടുമ്പോൾ, കൂടുതൽ ഭീകരരുണ്ടോ എന്ന് യാത്രക്കാരുടെ ഒരു ചെറിയ സംഘം വിമാനത്തിനുള്ളിൽ പരിശോധന നടത്തുന്നുണ്ടായിരുന്നു. വിമാനം നിലത്തിറങ്ങിയയുടൻ മൂസേവ് മച്ഛാറിനെ ഡോക്ടർമാർക്ക് കൈമാറി. 'ആശംസകൾ എന്റെ സുഹൃത്തേ, എല്ലാം ശരിയാകും. എന്നാണ് ഞാൻ മച്ഛാറിനോട് ആ സമയത്ത് പറഞ്ഞത്.' ഡോ. മുസേവ് പറയുന്നു.
വിമാനം ലാൻഡ് ചെയ്തതോടെ ആ ഭയാനകമായ അനുഭവം അവസാനിച്ചെന്നാണ് കരുതിയതെങ്കിലും കാര്യങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ലെന്ന് ദന്തഡോക്ടർ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹവും ഭാര്യയും പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് (Post-Traumatic Stress) എന്ന മാനസികാവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. എങ്കിലും നന്ദിയുള്ളവനായിരിക്കാൻ ഒരു കാരണമുണ്ടെന്ന് മൂസേവ് പറയുന്നു, 'ഞാൻ ഏതൊരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനാണോ ആ 45 മിനിറ്റ് ഒരു വിട്ടുവീഴ്ചയുമില്ലാതെ പോരാടിയത്, ആ മനുഷ്യൻ അതിനുമുമ്പ് ഞങ്ങളുടെ ജീവൻ രക്ഷിച്ചിരുന്നു.
'മച്ഛാർ ഞങ്ങളുടെ ജീവൻ രക്ഷിച്ചു. അദ്ദേഹം ഒരു നായകനാണ്. എന്റെ കുടുംബത്തെയും എല്ലാ യാത്രക്കാരെയും രക്ഷിക്കാൻ അദ്ദേഹം ചെയ്ത എല്ലാത്തിനും ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. ഇത് കർമഫലമാണ് (Karma), അദ്ദേഹം ഞങ്ങളുടെ ജീവൻ രക്ഷിച്ചു, ഞങ്ങൾ അദ്ദേഹത്തിന്റെ ജീവനും രക്ഷിച്ചു.' ദന്തഡോക്ടർ കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മച്ഛാറിനെ 'നായകൻ' എന്ന് വിശേഷിപ്പിക്കുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു. മച്ചാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്നും യുഎഇയിലെ ഇന്ത്യൻ എംബസി ചൊവ്വാഴ്ച അറിയിച്ചു.
Content Highlights: A Georgian dentist, Dr. Shuth Musev, played a crucial role in saving Captain Smit Machchar's life after he was severely injured by a co-pilot attack on a Flydubai flight to Tel Aviv. Despite the critical situation, Dr. Musev managed to stabilize Machchar using makeshift pressure dressings and kept him conscious by engaging him in conversation until the plane could land safely.