'ഞാനൊരു സത്യം പറയാം, അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്..’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീന

ന്യൂഡൽഹി: രാജ്യത്തുനിന്ന് നിർബന്ധിതയായി മാറിനിൽക്കേണ്ടി വന്നെങ്കിലും, തന്റെ ജനങ്ങളിൽനിന്ന് ഒരിക്കലും വേർപിരിഞ്ഞിട്ടില്ലെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 2024 ഓഗസ്റ്റിൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ വെർച്വലായി പങ്കെടുത്തുകൊണ്ടാണ് ഷെയ്ഖ് ഹസീന ഇങ്ങനെ പറഞ്ഞത്. ന്യൂഡൽഹിയിൽ ദക്ഷിണേഷ്യയിലെ വിദേശ പ്രതിനിധികളുടെ ക്ലബ് സംഘടിപ്പിച്ച വെർച്വൽ മീഡിയ സംവാദത്തിലാണ് അവർ സംസാരിച്ചത്.
ബംഗ്ലാദേശ് വിമോചനയുദ്ധത്തിലും അതിനുശേഷവും കൊല്ലപ്പെട്ട തന്റെ പിതാവിനെയും കുടുംബാംഗങ്ങളെയും നാട്ടുകാരെയും അനുസ്മരിച്ച ഹസീനയുടെ ശബ്ദം സംസാരിക്കുന്നതിനിടെ പലതവണ ഇടറി.
'കഴിഞ്ഞ രണ്ട് വർഷമായി, എന്റെ പ്രിയപ്പെട്ട ബംഗ്ലാദേശ് കഷ്ടപ്പെടുന്നത് ഞാൻ കാണുകയാണ്.. ഇത് ഞങ്ങൾ പടുത്തുയർത്തിയ ബംഗ്ലാദേശ് അല്ല; 1971-ൽ മൂന്ന് ദശലക്ഷം ആളുകൾ ജീവൻ ബലിയർപ്പിച്ച് നേടിയെടുത്ത ബംഗ്ലാദേശ് ഇതല്ല' അവർ പറഞ്ഞു. തനിക്ക് എന്ത് വിധിയാണ് കാത്തിരിക്കുന്നതെന്ന് പ്രശ്‌നമല്ലെന്നും താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഹസീന പറഞ്ഞു. 2024-ലെ ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭസമയത്ത് മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന കേസിൽ ഹസീനയ്ക്ക് ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചിരുന്നു.
2024 ക്വാട്ട പരിഷ്‌കരണ പ്രക്ഷോഭം സംഭാഷണങ്ങളിലൂടെയും നിയമപരമായ നടപടികളിലൂടെയും ചർച്ചകളിലൂടെയും പരിഹരിക്കാൻ തന്റെ ഭരണകൂടം ശ്രമിച്ചിരുന്നുവെന്നും, എന്നാൽ 'സംഘടിത ഗ്രൂപ്പുകൾ' രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രക്ഷോഭത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ഹസീന പറഞ്ഞു.
'2024 ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ സത്യത്തിൽനിന്ന് ഞാൻ തുടങ്ങാം. ഇതൊരു സമാധാനപരമായ വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നില്ല. തുടക്കം മുതൽ, സംഭാഷണങ്ങളിലൂടെയും നിയമപരമായ പ്രക്രിയകളിലൂടെയും ക്ഷമയോടെയും ഞാൻ ഈ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ, പരിഷ്‌കരണങ്ങളുടെ മറവിൽ, വിദ്യാർത്ഥികളുടെ ആവശ്യം അക്രമപരമായ രാഷ്ട്രീയ ഉപകരണമാക്കി മാറ്റാൻ സംഘടിത ഗ്രൂപ്പുകൾ പ്രവർത്തിക്കുകയായിരുന്നു. ക്വാട്ട പരിഷ്‌കരണ പ്രസ്ഥാനം എന്റെ രാജി ആവശ്യപ്പെടുന്ന പ്രസ്ഥാനമായി മാറി. ആസൂത്രിതമായി വ്യാജ പ്രചാരണങ്ങൾ നടത്തി. യഥാർത്ഥ വിദ്യാർത്ഥികളെ വൈകാരികമായി മുതലെടുക്കുകയായിരുന്നു. അതേസമയം, സംഘടിത ഗ്രൂപ്പുകൾ തങ്ങളുടെ പ്രസ്ഥാനത്തെ അക്രമത്തിനും ഭരണമാറ്റത്തിനും മറയായി ഉപയോഗിച്ചു', ഹസീന പറഞ്ഞു.
പ്രതിഷേധങ്ങൾ വ്യാപകമായ കൊലപാതകങ്ങൾ, തീവെപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, നിയമപാലകർക്കെതിരായ അക്രമങ്ങൾ എന്നിവയിലേക്ക് നയിച്ചുവെന്നും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ആരോപിച്ചു.
താൻ പുറത്താക്കപ്പെട്ടതിന് ശേഷം, അവാമി ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും രാഷ്ട്രീയ പീഡനം നേരിടേണ്ടിവന്നു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.
ബംഗ്ലാദേശിന്റെ 1971-ലെ വിമോചനയുദ്ധവുമായി ബന്ധപ്പെട്ട സ്മാരകങ്ങൾ വികൃതമാക്കപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ടെന്നും ഹസീന ആരോപിച്ചു. ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചരിത്രപ്രസിദ്ധമായ ധൻമണ്ഡി 32-ലെ വസതി പൊളിച്ചുനീക്കിയത് വിമോചനയുദ്ധത്തിന്റെ പൈതൃകം മായ്ച്ചുകളയാനുള്ള ശ്രമമാണെന്നും അവർ വിശേഷിപ്പിച്ചു.
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം, ഹസീന നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന് ഇന്ത്യൻ സർക്കാർ അകലം പാലിച്ചിരുന്നു.
'ഇതിൽ സർക്കാരിന് യാതൊരു പങ്കുമില്ല. ഫോറത്തിൽ പ്രകടിപ്പിച്ചേക്കാവുന്ന കാഴ്ചപ്പാടുകളൊന്നും അംഗീകരിക്കുന്നില്ല', വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Content Highlights: Sheikh Hasina addresses the 2024 Bangladesh political crisis via virtual conference., Claims 2024 student protests were hijacked by organized political groups., Condemns violence against Awami League members and destruction of 1971 heritage., Announces intent to return to Bangladesh in December., International Crimes Tribunal issued a death sentence regarding 2024 protests.