എട്ട് കോടി രൂപയുണ്ടോ, സദ്ദാം ഹുസൈന്റെ ‘പറക്കും കൊട്ടാരം’ സ്വന്തമാക്കം, ലേലത്തിനൊരുങ്ങി ഇറാഖി എയർവേസ്

#ന്യൂസ് ഡെസ്ക്
സദ്ദാം ഹുസൈൻ | AFP
സദ്ദാം ഹുസൈൻ | AFP

ടുണിസ്: ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈൻ ഉപയോഗിച്ചിരുന്ന ആഡംബര ബോയിങ് 747 വിമാനം വിൽപനയ്ക്ക്. 900,000 ഡോളർ (8.34 കോടി രൂപ) ആണ് വില. ഇറാഖി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബോയിങ് വിമാനങ്ങളാണ് ഇറാഖി എയർവേസ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്.

1991ലെ ഗൾഫ് യുദ്ധത്തിനുശേഷം ടുണീഷ്യയിലെ വിമാനത്താവളത്തിലാണ് ഇവ നിർത്തിയിട്ടിരിക്കുന്നത്. കുവൈത്ത് എയർവേസുമായുള്ള പതിറ്റാണ്ടുകൾ നീണ്ട കേസും അന്താരാഷ്ട്ര ഉപരോധങ്ങളും മൂലം ഇത്രയും കാലം ഈ വിമാനം തിരിച്ചുകൊണ്ടുപോവാൻ ഇറാഖിന് സാധിച്ചില്ല. സർവീസിലിരുന്നതിനേക്കാൾ കൂടുതൽ കാലം ഇവ വിമാനത്താവളത്തിൽ 'വിശ്രമിക്കുകയായിരുന്നു'. അതിനാൽ ഈ രണ്ട് ജംബോ ജെറ്റുകൾ ലേലത്തിൽ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനു മുൻപും വിമാനങ്ങൾ വിറ്റഴിക്കാനുള്ള ശ്രമങ്ങൾ ഇറാഖിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഇറാഖി എയർവേസ് നടത്തിയിരുന്നു. 2010-ലായിരുന്നു ആദ്യ ശ്രമം. 2023-ൽ നടന്ന രണ്ടാമത്തെ വിൽപന ശ്രമത്തിൽ, ഓരോ വിമാനത്തിനും 494,000 ഡോളർ വീതമാണ് വില നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഓരോ വിമാനത്തിനും 900,000 ഡോളർ വിലയിട്ടിരിക്കുന്നതായി 'ഏറോ ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു. വിമാനങ്ങളുടെ മൂല്യം ഏകദേശം ഇരട്ടിയാകാൻ കാരണമെന്താണെന്ന് വ്യക്തമല്ല. വാങ്ങാൻ താൽപര്യമുള്ളവർക്ക് ഒരു വിമാനം മാത്രമായോ അല്ലെങ്കിൽ രണ്ടും കൂടിയോ വാങ്ങാവുന്നതാണ്.

ടുണീഷ്യയിലെ ഇറാഖി എംബസിയാണ് ഈ വിൽപ്പനയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. 2027 ജനുവരി 7-ന് മുൻപായി ഇടപാട് പൂർത്തിയാക്കാൻ കഴിയുമെന്ന് അവർ കരുതുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ വിമാനങ്ങൾ വിറ്റുതീർക്കണമെങ്കിൽ വിലയുടെ കാര്യത്തിൽ കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം.

ഒരു സാധാരണ യാത്രാവിമാനമല്ല സദ്ദാം ഹുസൈന്റേത്. രാഷ്ട്രത്തലവന്മാർക്കായി പ്രത്യേകം നിർമ്മിച്ച ഒരു ആഡംബര 'പറക്കും കൊട്ടാരമായാണ്' ഈ വിമാനം അറിയപ്പെട്ടിരുന്നത്. ദീർഘദൂര യാത്രകളിൽ സദ്ദാമിന് പൂർണ്ണ സ്വകാര്യതയോടെ വിശ്രമിക്കാനും ഉറങ്ങാനുമായി വിമാനത്തിന്റെ മുൻഭാഗത്ത് നിർമ്മിച്ച പ്രത്യേക സ്യൂട്ട്, ആകാശത്തുവെച്ച് തന്നെ ഔദ്യോഗിക യോഗങ്ങളും നയതന്ത്ര ചർച്ചകളും നടത്തുന്നതിനായി സജ്ജീകരിച്ച പ്രത്യേക മീറ്റിംഗ് മുറി, കൂടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്കും അതിഥികൾക്കും വിശ്രമിക്കുന്നതിനായി ആഡംബര സ്ലീപ്പർ സീറ്റുകൾ ക്രമീകരിച്ചിട്ടുള്ള പ്രത്യേക സ്വീകരണ മുറി തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നത്.

1980 കളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചതാണെങ്കിലും മൂന്നരപ്പതിറ്റാണ്ടിലേറെയായി വെയിലും മഴയുമേറ്റാണ് ഇത് നിർത്തിയിട്ടിരിക്കുന്നത്. മരുഭൂമിയിലെ കടുത്ത ചൂടേറ്റ് കിടന്നതിനാൽ വിമാനത്തിന്റെ ഉൾഭാഗവും യന്ത്രഭാഗങ്ങളും പൂർണ്ണമായും നശിച്ച നിലയിലാണ്. ഇത് പഴയപടി നന്നാക്കിയെടുക്കാൻ വലിയ തുക ചെലവാകുമെന്നതിനാൽ, യാതൊരുവിധ വാഗ്ദാനങ്ങളുമില്ലാതെയാണ് വിമാനം വിൽക്കാൻ ഇറാഖി എയർവേസ് തീരുമാനിച്ചിരിക്കുന്നത്. ഈ വിമാനങ്ങൾ പറക്കാൻ യോഗ്യമാണോ എന്ന കാര്യത്തിൽ പോലും ഇറാഖി എയർവേസ് സ്ഥിരീകരണം നൽകിയിട്ടില്ല.

Content Highlights: Saddam Hussein's luxury Boeing 747 is up for sale for approximately $1 million., The aircraft has been grounded in Tunisia since the 1991 Gulf War due to legal battles and sanctions., The plane features ultra-luxury amenities like a private suite and meeting rooms but is currently in poor condition., The sale is mediated by the Iraqi Embassy in Tunisia with a target completion date of January 7, 2027.