വിഷബാധയേറ്റു; റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി കോമയില്‍

അലക്സി നവൽനി | Photo: AP
അലക്സി നവൽനി | Photo: AP

മോസകോ: വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ നില അതീവഗുരുതരം. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇപ്പോള്‍ കോമയിലാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ പ്രധാന എതിരാളിയാണ് 44-കാരനായ അലക്‌സി നവല്‍നി.

സൈബീരിയിന്‍ പട്ടണമായ ടോംസ്‌കില്‍നിന്ന് മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്‌ളൈറ്റില്‍ വെച്ചാണ് ഇദ്ദേഹത്തിന് വിഷബാധയേല്‍ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നവല്‍നിക്ക് കടുത്ത വിഷബാധയേറ്റതിനെത്തുടര്‍ന്ന് വിമാനം സൈബീരിയയിലെ ഓംസ്‌കില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം കോമയിലാണ്. 

"നവല്‍നി ആ സമയം നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു. ബോധം മറയാതിരിക്കാന്‍ തന്നോട് സംസാരിച്ചുകൊണ്ടിരിക്കാനും നവല്‍നി ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം ശൗചാലയത്തില്‍ പോവുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു." വക്താവ് കിര യാര്‍മിഷ് പറഞ്ഞു.

ചായക്കൊപ്പം എന്തോ കലര്‍ത്തപ്പെട്ടുവെന്നാണ് അവര്‍ സംശയിക്കുന്നത്. "രാവിലെ എണീറ്റതിനു ശേഷം അദ്ദേഹം ചായ മാത്രമേ കഴിച്ചിട്ടുള്ളൂ. അതിനാല്‍ തന്നെ ചായയിലൂടെയാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു." കിര പറയുന്നു.

ചൂടുള്ള പദാര്‍ഥത്തിനൊപ്പം അകത്തുപോയതുകൊണ്ടുതന്നെ പെട്ടെന്നു തന്നെ വിഷാംശം ശരീരം ആഗിരണം ചെയ്യുകയായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. പുടിനെ രണ്ട് തവണ കൂടി അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ പരിഷ്‌കാരങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദിക്കുന്ന വ്യക്തിയാണ് അലക്‌സി നവല്‍നി.

content highlights: Russian Opposition Leader Alexei Navalny in Coma, after Poisoning, says Spokeswoman

Content Highlights: