യുദ്ധം അവസാനിപ്പിക്കല്‍: യുഎസ് നിര്‍ദേശം റഷ്യക്കനുകൂലം; പദ്ധതിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ കണ്ടെത്താന്‍ യുക്രൈന്‍

#ന്യൂസ് ഡെസ്ക്
വ്‌ളാദിമിര്‍ പുതിൻ | Photo: AFP | വൊളോദിമിര്‍ സെലെൻസ്‌കി | Photo: AP
വ്‌ളാദിമിര്‍ പുതിൻ | Photo: AFP | വൊളോദിമിര്‍ സെലെൻസ്‌കി | Photo: AP

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് മുന്നോട്ടുവെച്ച കരാറിന് ബദല്‍ നിര്‍ദേശങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി യുക്രൈന്‍. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുഎസ്. യുക്രൈന് ഒരാഴ്ചത്തെ സമയപരിധി നല്‍കിയിരുന്നു. പിന്നാലെ, റഷ്യയുടെ ചില കടുത്ത ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കരാറിന് ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനുള്ള തീവ്രശ്രമത്തിലാണ് യുക്രൈനും യുറോപ്യന്‍ സഖ്യകക്ഷികളുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 28 നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയെ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി എതിര്‍ത്തു. അതേസമയം, ഭൂമി വിട്ടുകൊടുക്കാനും സൈന്യത്തെ വെട്ടിക്കുറയ്ക്കാനും നാറ്റോയില്‍ ഒരിക്കലും ചേരില്ലെന്ന് പ്രതിജ്ഞ ചെയ്യാനും യുക്രൈനെ നിര്‍ബന്ധിക്കുന്ന ഈ നിര്‍ദ്ദേശത്തെ റഷ്യന്‍ നേതാവ് വ്‌ളാദിമിര്‍ പുതിന്‍ സ്വാഗതം ചെയ്തു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ്, യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയതായി ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. മറ്റ് യൂറോപ്യന്‍ നേതാക്കള്‍ പങ്കെടുക്കുന്ന, ഇതേ വിഷയത്തില്‍ നടക്കുന്ന വിപുലമായ യോഗത്തിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

'ഒന്നുകില്‍ ഈ കരാറിന്റെ ചട്ടക്കൂടിനെക്കുറിച്ച് അവര്‍ക്ക് തെറ്റായ ധാരണയാണുള്ളത്. അല്ലെങ്കില്‍, ചില നിര്‍ണായക യാഥാര്‍ത്ഥ്യങ്ങളെ അവര്‍ തെറ്റായി ചിത്രീകരിക്കുന്നു.' എന്നാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് യുഎസുമായി കീവ് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഒരു ഉന്നത യുക്രേനിയന്‍ ഉദ്യോഗസ്ഥന്‍ ശനിയാഴ്ച വ്യക്തമാക്കി.

സെലെന്‍സ്‌കിയുടെ വിശ്വസ്തനായ ആന്‍ഡ്രി യെര്‍മാക്ക് ആകും പ്രതിനിധി സംഘത്തെ നയിക്കുക. അതേസമയം, യുക്രൈന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളില്‍ ഒന്നിനെയാണ് അഭിമുഖീകരിക്കുന്നത് എന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെലെന്‍സ്‌കി പറഞ്ഞു. ട്രംപിന്റെ നിര്‍ദ്ദേശത്തിന് ബദലുകള്‍ മുന്നോട്ട് വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച ആയുധങ്ങളും അംഗബലവുമുള്ള റഷ്യന്‍ സൈന്യം, യുദ്ധത്തിന്റെ മുന്‍നിരയില്‍ സാവധാനമെങ്കിലും സ്ഥിരമായി മുന്നേറുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കഠിനമായ ശൈത്യകാലങ്ങളില്‍ ഒന്നിനെയാണ് യുക്രേനിയക്കാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

Content Highlights: Ukraine and European allies rush to develop counter-proposals to a US plan that pressures Kyiv to accept Russian demands to end the war.