റഷ്യ-യുക്രൈൻ ചർച്ച അബുദാബിയിൽ പുനരാരംഭിച്ചു; കരിങ്കടൽ സുരക്ഷയ്ക്കായി ഇടപെടലുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യയും യുക്രൈനും തമ്മിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായുള്ള സമാധാന ചർച്ചകൾ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ആരംഭിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ത്രികക്ഷി ചർച്ചകൾ പുനരാരംഭിച്ചിരിക്കുന്നത്. ഇതിനു തൊട്ടുപിന്നാലെ, പ്രദേശത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതിനായി ഇരുരാജ്യങ്ങളുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും ഉന്നതതലത്തിൽ ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
കരിങ്കടൽ മേഖലയിൽ ജൂലൈ മുതൽ തുടരുന്ന കനത്ത പോരാട്ടം ലഘൂകരിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ. കരിങ്കടലിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ധാന്യ-ഊർജ്ജ കയറ്റുമതി തടസ്സമില്ലാതെ തുടരാനും മേഖലയിൽ പരസ്പര ആക്രമണങ്ങൾ ഒഴിവാക്കാനുമുള്ള സുപ്രധാന നിർദേശങ്ങളാണ് ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇത് യുക്രൈന്റെ കാർഷിക ഉൽപ്പന്നങ്ങൾ ലോകകമ്പോളത്തിൽ എത്തിക്കാൻ സഹായിക്കും.
അബുദാബിയിൽ സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി ടെലിഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി മറ്റ് ലോകനേതാക്കളുമായി ആശയവിനിമയം നടത്താൻ ഇന്ത്യ നയതന്ത്ര ബന്ധങ്ങൾ ഉപയോഗിക്കണമെന്ന് സെലൻസ്കി അഭ്യർത്ഥിച്ചു. ഇതിനുപിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നയതന്ത്ര സംരംഭങ്ങളെക്കുറിച്ച് ചർച്ചനടത്തി.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയുടെ നിലപാടുകൾ വിശദീകരിച്ചു. ‘അനന്തമായി നീളുന്ന യുദ്ധങ്ങൾ അവസാനിക്കണമെന്നും സമാധാനത്തിന് വഴിമാറണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് ജയ്സ്വാൾ പറഞ്ഞു.
കരിങ്കടലിലെ കപ്പൽ ഗതാഗത സുരക്ഷ, ധാന്യ-ഊർജ്ജ കയറ്റുമതി സംബന്ധിച്ച അടിയന്തര ആശങ്കകൾ പരിഹരിക്കൽ, ആക്രമണങ്ങൾ ഒഴിവാക്കാനുള്ള സാധ്യതകൾ എന്നിവയെക്കുറിച്ച് ഇരുപക്ഷവുമായും ഇന്ത്യ ആശയങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: India is actively facilitating diplomatic efforts and proposing Black Sea trade security measures as tripartite peace talks between Russia and Ukraine commence in Abu Dhabi under US mediation.