റഷ്യയിൽ വീണ്ടും 'അജ്ഞാതരുടെ' ആക്രമണം; മിലിട്ടറി ഇന്റലിജൻസിലെ ലെഫ്. ജനറലിന് വീടിന് മുന്നിൽ വെടിയേറ്റു

മോസ്‌കോ: റഷ്യയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന് നേരേ വധശ്രമം. റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ജിആർയുവിന്റെ ഉപമേധാവിയായ ലെഫ്. ജനറൽ വ്‌ളാദിമിർ അലക്‌സിയേഫിനാണ് അജ്ഞാതനിൽനിന്ന് വെടിയേറ്റത്. വെള്ളിയാഴ്ച മോസ്‌കോയിലെ വീടിന് മുന്നിൽവെച്ചായിരുന്നു സംഭവം. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അജ്ഞാതരായ അക്രമികളാണ് അലക്‌സേയേവിന് നേരേ വെടിയുതിർത്തതെന്ന് മോസ്‌കോ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഒന്നിലധികം തവണ അദ്ദേഹത്തിന് വെടിയേറ്റെന്നും വടക്കുപടിഞ്ഞാറൻ മോസ്‌കോയിലെ അദ്ദേഹത്തിന് വീടിന് മുന്നിൽവെച്ചാണ് സംഭവമുണ്ടായതെന്നും പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും പ്രതികരിച്ചു. അക്രമികൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും കമ്മിറ്റി വക്താവ് പറഞ്ഞു.
റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്വകാര്യ സൈനിക സംഘമായ വാഗ്‌നർ ഗ്രൂപ്പും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അലക്‌സേയേവ്. സിറിയയിലെ റഷ്യയുടെ സൈനിക നീക്കങ്ങൾക്ക് ഇന്റലിജൻസ് തലപ്പത്തുനിന്ന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.
അതേസമയം, യുക്രൈൻ യുദ്ധം ആരംഭിച്ചശേഷം റഷ്യയിൽ സൈനിക ഉദ്യോഗസ്ഥർക്ക് നേരേ പലതവണ ആക്രമണങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് റഷ്യയിലുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്. ജനറൽ ഫനിൽ സർവാറോവ് കൊല്ലപ്പെട്ടത്. ഇത്തരത്തിൽ നടന്ന പല ആക്രമണങ്ങൾക്ക് പിന്നിലും യുക്രൈൻ ആണെന്നായിരുന്നു റഷ്യയുടെ ആരോപണം.
Content Highlights: Attempted assassination on GRU Deputy Chief, Lt. Gen. Vladimir Alexeyev, in Moscow. Investigation underway. Get the latest updates on this shocking incident.