റഷ്യയുടെ മുൻ ഗതാഗതമന്ത്രി ജീവനൊടുക്കിയ നിലയില്‍; സംഭവം സ്ഥാനത്തുനിന്ന് പുറത്താക്കി മണിക്കൂറുകൾക്കകം

മോസ്‌കോ: റഷ്യയുടെ മുന്‍ ഗതാഗതമന്ത്രി റൊമാന്‍ സ്റ്ററോവോയിറ്റിനെ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മോസ്‌കോ നഗരപരിസരത്ത് സ്വന്തം കാറിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചുവെന്നാണ് വിവരം. പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍, റൊമാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
2024 മേയിലാണ് റൊമാന്‍, റഷ്യയുടെ ഗതാഗത മന്ത്രിസ്ഥാനത്തെത്തുന്നത്. അതിന് മുന്‍പ് അഞ്ചുവര്‍ഷത്തോളം കുര്‍സ്‌കിലെ ഗവര്‍ണറായിരുന്നു. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് കുര്‍സ്‌ക്. മന്ത്രിപദത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് റൊമാന് പദവി നഷ്ടമായത്. സ്ഥാനത്തുനിന്ന് നീക്കംചെയ്തുവെന്ന് അറിയിച്ചുള്ള പ്രസിഡന്റിന്റെ ഉത്തരവ് റഷ്യയുടെ ലീഗല്‍ ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലില്‍ ഉണ്ടെങ്കിലും സ്ഥാനചലനത്തിന്റെ കാരണം ഇതില്‍ പറഞ്ഞിട്ടില്ല. നൊവ്‌ഗൊരോഡ് മേഖലയുടെ ഗവര്‍ണറായിരുന്ന ആന്‍ഡ്രെ നിക്ടിനെ ആക്ടിങ് ഗതാഗത മന്ത്രിയായി നിയമിച്ചിട്ടുണ്ട്.
റഷ്യയുടെ വ്യോമയാന, ഷിപ്പിങ് മേഖലകളില്‍ പലവിധ പ്രശ്‌നങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് റൊമാന് സ്ഥാനചലനമുണ്ടായതെന്നാണ് വിവരം. ജൂലൈ അഞ്ച്-ആറ് തീയതികളില്‍ റഷ്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ മുന്നൂറോളം വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. യുക്രൈന്റെ ഡ്രോണ്‍ ആക്രമണ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇത്. ലെനിന്‍ഗ്രാഡ് ഒബ്‌ലാസ്റ്റിലെ ഒരു തുറമുഖത്തില്‍ പൊട്ടിത്തെറിയുണ്ടാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അമോണിയ വാതകച്ചോര്‍ച്ചയുമുണ്ടായി. അതേസമയം, ഗതാഗതമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല, കുര്‍സ്‌കിലെ അഴിമതിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് റൊമാന് പദവി നഷ്ടമാകാന്‍ കാരണമെന്നും വാദങ്ങളുണ്ട്.
Content Highlights: russia former transport minister found dead