‘യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; പാശ്ചാത്യശക്തികളുടെ സ്വാധീനത്തിൽ യുക്രൈൻ റഷ്യയെ സംഘർഷത്തിലേക്ക് വലിച്ചിഴച്ചു-പുതിൻ

#ന്യൂസ് ഡെസ്ക്
വ്ലാദിമിർ പുതിൻ | Photo: AFP
വ്ലാദിമിർ പുതിൻ | Photo: AFP

ന്യൂഡല്‍ഹി: ലക്ഷ്യംനേടിക്കഴിഞ്ഞ് മാത്രമേ യുക്രൈന്‍യുദ്ധം റഷ്യ അവസാനിപ്പിക്കുകയുള്ളൂവെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുക്രൈനുമായുള്ള യുദ്ധത്തിന് തുടക്കമിട്ടത് റഷ്യയല്ലെന്നും പാശ്ചാത്യരാജ്യങ്ങളുടെ സ്വാധീനഫലമായുള്ള യുക്രൈന്റെ ചെയ്തികളാണ് റഷ്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ പ്രത്യേക സൈനിക നടപടി ഒരു യുദ്ധത്തിന്റെ തുടക്കമല്ല. മറിച്ച് പാശ്ചാത്യ രാജ്യങ്ങള്‍, യുക്രൈനിലെ ദേശീയവാദികളെ ഉപയോഗിച്ച് ആളിക്കത്തിച്ച ഒരു യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്ന് പുതിന്‍ പറഞ്ഞു. ഇതെല്ലാം എത്തിച്ചേരുന്നത് ഒരു സംഗതിയിലേക്കാണ്; ഒന്നുകില്‍ ആ ഭൂപ്രദേശങ്ങള്‍ ബലംപ്രയോഗിച്ച് തിരിച്ചുപിടിക്കുക, അല്ലെങ്കില്‍ യുക്രൈന്‍ സൈന്യം പിന്‍വാങ്ങുക, പുതിന്‍ പറഞ്ഞു.

റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതയെക്കുറിച്ചും പുതിന്‍ സംസാരിച്ചു. പല പ്രവിശ്യകളിലും റഷ്യന്‍ ഭാഷ, യുക്രൈന്‍ നിരോധിച്ചുവെന്നും ആളുകളെ ആരാധനാലയങ്ങളില്‍നിന്ന് പുറത്താക്കിയെന്നും അതിലൂടെ റഷ്യയുടെ താല്‍പര്യങ്ങളെ ഹനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ റഷ്യ ഏതറ്റംവരെയും പോകാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: russia didnt start the war says putin