1971 മറക്കരുത്, ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണം; ബംഗ്ലാദേശിന് റഷ്യയുടെ ഉപദേശം

ധാക്ക: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ബംഗ്ലാദേശിനോട് ഉപദേശിച്ച് റഷ്യ. പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുന്നോ അത്രയും നല്ലതെന്നാണ് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡറിന്റെ ഉപദേശം. ബംഗ്ലാദേശിൽ ആഭ്യന്തര കലഹവും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിലാണ് റഷ്യൻ അംബാസഡർ ആയ അലക്‌സാണ്ടർ ഗ്രിഗോറിയേവിച്ച് ഖോസിൻ ബംഗ്ലാദേശിനെ ഉപദേശിച്ചത്. 1971 ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വഹിച്ച പങ്ക് ഒരിക്കലും മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ധാക്കയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഗ്രിഗോറിയേവിച്ച്.
അയൽരാജ്യങ്ങൾ തമ്മിലുള്ള സുസ്ഥിരമായ ബന്ധം പ്രാദേശിക സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. 'എത്രയും വേഗം സംഘർഷം കുറയ്ക്കുന്നോ അത്രയും നല്ലത്. 1971-ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് പ്രധാനമായും ഇന്ത്യയുടെ സഹായം കൊണ്ടാണ്. റഷ്യയും അന്ന് ഇതിനെ പിന്തുണച്ചിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, റഷ്യ എന്നിവർ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരാണ്.' അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളുടെയും ഉഭയകക്ഷി കാര്യങ്ങളിൽ റഷ്യ ഇടപെടുന്നില്ലെങ്കിലും, നിലവിലെ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ വഴി കണ്ടെത്തുന്നത് ബുദ്ധിപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് രാജ്യം വീണ്ടും അശാന്തമായിരിക്കുകയാണ്. ഇയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ആക്രമിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതിനെത്തുടർന്ന് ഇന്ത്യ അവിടെ വിസ സേവനങ്ങൾ നിർത്തിവെച്ചിരുന്നു. കലാപത്തിനിടെ മാധ്യമങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. മത ന്യൂനപക്ഷങ്ങൾക്കുനേരെയും സംഘടിതമായ ആക്രമണം നടക്കുന്നുണ്ട്. ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങളുടെ വളർച്ചയിലും ഇന്ത്യൻ മിഷനുകളുടെ സുരക്ഷയിലുമുള്ള ശക്തമായ ആശങ്ക ഇന്ത്യ ഇതിനകം ബംഗ്ലാദേശ് സ്ഥാനപതിയെ അറിയിച്ചിട്ടുണ്ട്.
Content Highlights: Russia urges Bangladesh to swiftly resolve issues with India, highlighting the importance of regional peace and recalling India`s role in Bangladesh`s 1971 independence. Learn more.