സ്വന്തം രക്തം തെറിച്ച ക്യാമറയുമായി ഡാനിഷ് മടങ്ങി; അവശേഷിക്കുന്നത് എക്കാലത്തെയും മികച്ച ഫ്രെയിമുകള്‍

കാണ്ഡഹാറിലെ കലാപഭൂമിയില്‍ രാവേറെ ചെന്നിരുന്നു. എങ്ങും വെടിയൊച്ചകള്‍ മാത്രം. ടാങ്കറുകളോട് ഘടിപ്പിച്ചിട്ടുള്ള മെഷീന്‍ ഗണ്ണില്‍നിന്നും മിന്നിപ്പായുന്ന തീയുണ്ടകളുടെ വെളിച്ചം സാധ്യമാക്കിയ ചിതറിയ കാഴ്ചകള്‍ ഡാനിഷ് സിദ്ദിഖ് പകര്‍ത്തി കൊണ്ടേയിരുന്നു.
അപ്പോഴേക്കും ക്യാമറയുടെ വ്യൂ ഫൈന്‍ഡറില്‍ നടുക്കുന്ന ആ യാഥാര്‍ത്ഥ്യം തെളിഞ്ഞു കഴിഞ്ഞിരുന്നു- താന്‍ സഞ്ചരിക്കുന്ന അഫ്ഗാന്‍ സൈനിക യൂണിറ്റ് വാഹനത്തിനു ചുറ്റും താലിബാന്‍ സൈന്യം വളഞ്ഞു കഴിഞ്ഞു. ഒരു പക്ഷെ, ലോക പ്രശസ്തനായ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ആ യുവ ഫോട്ടോഗ്രാഫറുടെ മനസ്സില്‍ പതിഞ്ഞ അവസാന ഫ്രെയിമുകള്‍ ഇതൊക്കെയായിരിക്കാം. പിന്നീട് സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു.
പിറ്റേന്ന് (2021 ജൂലൈ 16) രാവിലെ ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതി ഫരീദ് മാമുണ്ട്‌സെ തന്റെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് ഇങ്ങനെ:
"ഇന്നലെ രാത്രി കണ്ഡഹാറില്‍ ഒരു സുഹൃത്ത്, ഡാനിഷ് സിദ്ദിഖി, കൊല്ലപ്പെട്ടതിന്റെ ദുഃഖകരമായ വാര്‍ത്ത അറിയിക്കുന്നു. തീര്‍ത്തും നടുക്കുന്ന വാര്‍ത്ത. ഇന്ത്യന്‍ ജേര്‍ണലിസ്റ്റും പുലിറ്റ്സര്‍ പ്രൈസ് ജേതാവുമായ ഡാനിഷ് അഫ്ഗാന്‍ സുരക്ഷാ സേനയോടൊപ്പമാണുണ്ടായിരുന്നത്. കാബൂളിലേക്ക് പുറപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും റോയിട്ടേഴ്‌സിനും അനുശോചനം."
പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷിന്റെ ദാരുണമായ അന്ത്യം.
റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ഹൃദയഭേദകമായ ചിത്രങ്ങളാണ് ഡാനിഷിന് പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിക്കൊടുത്തത്. ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിച്ചതിലൂടെയും ഡാനിഷ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയി നിന്നാണ് ഡാനിഷ് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയത്. തുടര്‍ന്ന് ജാമിയയിലെ എ.ജെ.കെ. മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററില്‍നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം നേടി. ടെലിവിഷന്‍ വാര്‍ത്താ ലേഖകനായാണ് സിദ്ദിഖി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഫോട്ടോ ജേര്‍ണലിസത്തിലേക്ക് കളംമാറി. 2010-ലാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സില്‍ ചേര്‍ന്നത്.
റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഡാനിഷിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2016-ലെ മൊസുള്‍ യുദ്ധം, 2015 ഏപ്രില്‍ മാസത്തിലെ നേപ്പാള്‍ ഭൂകമ്പം തുടങ്ങിയ സംഭവങ്ങളുടെ ഫോട്ടോ ഇമേജുകള്‍ മികവോടെ ഡാനിഷ് പകര്‍ത്തി.
2019-2020-ലെ റോഹിംഗ്യന്‍ വംശഹത്യയില്‍നിന്നുണ്ടായ അഭയാര്‍ഥി പ്രവാഹത്തെക്കുറിച്ചുള്ള ഡാനിഷിന്റെ ഫോട്ടോകള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടു. സ്വന്തം ജന്മനാട്ടില്‍നിന്ന് അപകടകരമായ തോണിയാത്രയിലൂടെ ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഷാ പൊറിഡ് ദ്വീപിലെത്തിയ അവശരായ അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ ആരുടെയും മനസ്സലിയിക്കുന്നതായിരുന്നു. തന്റെ സഹപ്രവര്‍ത്തകനായ അദ്‌നാന്‍ അബീദിയോടൊപ്പം അവാര്‍ഡ് പങ്കിട്ടപ്പോള്‍ ഡാനിഷ് പുലിറ്റ്‌സര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി. 2020-ലെ ദില്ലി കലാപത്തില്‍ അദ്ദേഹം ക്ലിക്കുചെയ്ത ഒരു ഫോട്ടോ റോയിട്ടേഴ്‌സ് 'ആ വര്‍ഷത്തെ നിര്‍വചിക്കുന്ന' ഫോട്ടോഗ്രാഫുകളിലൊന്നായി അവതരിപ്പിച്ചു.
അപകടകരമായ പ്രശ്‌നഭൂമിയില്‍നിന്ന് മറ്റുള്ളവരെല്ലാം ഓടിയകലുമ്പോള്‍ അവിടേക്ക് പാഞ്ഞെത്താന്‍ വിധിക്കപ്പെടുന്നവരാണ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍. അവരിലൊരാളായിരുന്നു ഡാനിഷ് സിദ്ദിഖി. അപകടകരമായ സംഭവസ്ഥലങ്ങളിലേക്ക് സധൈര്യം കടന്നു ചെല്ലുക മാത്രമല്ല ആരുടെയും മനസ്സില്‍ തട്ടുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത സര്‍ഗ്ഗധനനായ ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം.
ലോകത്തിന്റെ നെറികേടുകളിലേക്ക് തന്റെ ക്യാമറയുടെ ലെന്‍സ് തുറന്നു വെച്ച ഡാനിഷിന്റെ ഫ്രെയിമുകള്‍ അതാതു രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഉണ്ടാക്കിയ അലോസരങ്ങള്‍ ചില്ലറയല്ല. സ്വന്തംരക്തം പതിഞ്ഞ ക്യാമറയുമായാണ് ഡാനിഷ് സിദ്ദിഖി കാണ്ഡാഹാറിലെ കലാപഭൂമിയില്‍ മാഞ്ഞുപോയത്. അപ്പോഴും ഡാനിഷ് മനസ്സലിയിക്കുന്ന ഒരുപാട് ഫ്രെയിമുകള്‍ സ്വന്തം ക്യാമറയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരിക്കണം.
Content Highlights: reuters photo journalist danish siddiqui death
Content Highlights: