കുതിച്ചുയർന്ന് കോഴിമുട്ട വില, ഞെട്ടിച്ച് മോഷണവും; പരിഹാരമായി കോഴികളെ വാടകയ്ക്കെടുത്ത് അമേരിക്കക്കാർ!

വാഷിങ്ടണ്‍: മുട്ടവിലയിലെ വര്‍ധനവ് നേരിടാന്‍ കോഴികളെ വാടകയ്ക്കെടുത്ത് അമേരിക്കക്കാർ. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കോഴിമുട്ടവിലയില്‍ ഇരട്ടിയിലേറെ വര്‍ധനയുണ്ടായതോടെയാണ് അമേരിക്കക്കാർ പുതുവഴി തേടിയത്. ഇതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ സേവനവുമായി രംഗത്തെത്തി.
ഒരുഡസന്‍ കോഴിമുട്ടയ്ക്ക് അഞ്ചുഡോളര്‍ വരെയാണ് പലയിടത്തും വില ഈടാക്കുന്നത്. പലപ്പോഴും ഇത് എട്ടുഡോളര്വരെ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂഹാംഷെയര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുസ്ഥാപനം ഒരാള്‍ക്ക് രണ്ടുമുതല്‍ നാല് പിടക്കോഴികളെയാണ് വാടകയ്ക്ക് നല്‍കുന്നത്. ഇതിനൊപ്പം ആവശ്യമായ തീറ്റയും കോഴിയെ വളര്‍ത്താനുള്ള നിര്‍ദേശങ്ങളും വീഡിയോ ടൂട്ടോറിയലുകളും ഫോണ്‍ വഴിയുള്ള സേവനവും നല്കുന്നു.
600 ഡോളറിന് (ഏകദേശം 52,000 ഇന്ത്യന്‍ രൂപ) ആറുമാസത്തേക്ക് രണ്ട് കോഴികളെ വാടകയ്ക്ക് നല്‍കും. ഒരാഴ്ച ഒരുഡസന്‍ മുട്ടകള്‍ ഈ കോഴികള്‍ ഉത്പാദിപ്പിക്കുമെന്നാണ് വാഗ്ദാനം. നാലുകോഴികളെ വാടകയ്ക്കെടുത്താന്‍ രണ്ടുഡസന്‍ മുട്ടകള്‍ വരെ ഒരാഴ്ചയില്‍ ലഭിക്കും.
അമേരിക്കയുടെ വിവിധഭാഗങ്ങളില്‍നിന്നും കാനഡയില്‍നിന്നും കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന കോഴികളെയാണ് വാടകയ്ക്ക് നല്‍കുന്നത്. കാലാവധി അവസാനിച്ചാല്‍ കോഴികളെ ആവശ്യമെങ്കില്‍ വിലകൊടുത്ത് വാങ്ങാം. അല്ലെങ്കില്‍ കമ്പനികള്‍ തിരിച്ചെടുക്കും.
യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ഒരുവര്‍ഷം മുമ്പ് ഡസന്‍ 2.51 ഡോളറായിരുന്ന കോഴിമുട്ടിയുടെ വില ഡിസംബറോടെ 4.15 ഡോളറായി. പുതുവര്‍ഷത്തില്‍ ഡസന്‍ ഏഴുഡോളര്വരെ വില ഉയര്‍ന്നതായി യു.എസ്.ഡി.എ. അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് സര്‍വീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി പെന്‍സില്‍വാനിയയില്‍ ഒരുലക്ഷം കോഴിമുട്ടകള്‍ മോഷ്ടിക്കപ്പെടുന്ന സംഭവം വരെയുണ്ടായി. ഇതിന് 40,000 ഡോളര്‍ (ഏകദേശം 34 ലക്ഷം രൂപ) വില വരും. ഗ്രീന്‍ കാസ്റ്റിലുള്ള പീറ്റെ ആന്റ് ജെറി ഓര്‍ഗാനിക്സ് എന്ന ഗ്രോസറി കടയിലേക്ക് കൊണ്ടുപോയ മുട്ടകളാണ് കൊള്ളയടിക്കപ്പെട്ടത്.
കോഴിമുട്ടയുടെ വില നിയന്ത്രണാതീതമാണെന്നും കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ബുധനാഴ്ച യു.എസ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവെ ട്രംപ് വ്യക്തമാക്കിയിരുന്നു. മുട്ട വില കൂടാന്‍ കാരണം മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങളാണെന്നും അന്നത്തെ അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്മെന്റ് പത്ത് കോടിയിലധികം കോഴികളെ കൊല്ലാന്‍ ഉത്തരവിട്ടുവെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് മുട്ടയുടെ വിതരണം നിലച്ചതെന്നും അവര്‍ ആരോപിച്ചിരുന്നു. പക്ഷിപ്പനിയാണ് മുട്ടവില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Soaring egg prices in the US lead to a unique solution: renting chickens