തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടെന്ന് ബെർലിനിലും രാഹുൽ, രാജ്യത്തിന് അപകീർത്തികരമെന്ന് ബിജെപി

രാഹുൽ ഗാന്ധി| Photo Credit:  X post by Indian Overseas Congress
രാഹുൽ ഗാന്ധി| Photo Credit: X post by Indian Overseas Congress

ബെർലിൻ: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകളുണ്ടെന്ന് ആവർത്തിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജർമ്മനിയിലെ ബെർലിനിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് രാഹുലിന്റെ പരാമർശം. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെ ബിജെപി രാഷ്ട്രീയ എതിരാളികളെ തകർക്കാനായി ഉപയോഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഈ ഏജൻസികൾ ഭരണപക്ഷത്തുള്ളവർക്കെതിരെ കേസെടുക്കുന്നില്ലെന്നും എന്നാൽ, പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ഈ സ്ഥാപനങ്ങളെ രാജ്യത്തിന്റെ സ്വത്തായാണ് കണ്ടിരുന്നതെങ്കിൽ, ബിജെപി അവയെ പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണമായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ കുഴപ്പങ്ങളുണ്ടെന്നും കുറ്റമറ്റതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2024-ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മോഷണം നടന്നതായി രാഹുൽ ഗാന്ധി ആവർത്തിച്ചു. ഹരിയാണയിൽ കോൺഗ്രസ് വിജയിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും എന്നാൽ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പും നീതിയുക്തമായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക മാതൃക പരാജയപ്പെട്ടുവെന്നും അത് രാജ്യത്ത് വലിയ സാമൂഹികപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. മോദിയുടെ കാഴ്ചപ്പാട് രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യയിൽ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്ത് വന്നു. രാജ്യത്ത് അരാജകത്വവും അസ്ഥിരതയും ഉണ്ടാക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി ഇന്ത്യാവിരുദ്ധനാണെന്നും വിദേശ മണ്ണിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഇന്ത്യയുടെ പുരോഗതിയെ തടയാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ഇപ്പോഴും ഒരു കുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്നും കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ പരിഹസിച്ചു.

Content Highlights: Rahul Gandhi speaks in Berlin, accusing BJP of weaponizing institutions and alleges widespread election fraud in India, including Haryana and Maharashtra polls.