ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു പിറകേ മോദിയെ വിളിച്ച് പുതിൻ; ഇന്ത്യയുടെ നിലപാടറിയിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും | ഫോട്ടോ: എഎഫ്പി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും | ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: യുക്രൈന്‍ വിഷയത്തില്‍ അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും വിലയിരുത്തലുകളും പങ്കുവെച്ചുള്ളതായിരുന്നു ഫോണ്‍ സംഭാഷണമെന്നാണ് റിപ്പോർട്ട്. 2022 ഫെബ്രുവരി മുതല്‍ തുടരുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് പുതിനെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പുതിന് നന്ദിയര്‍പ്പിച്ച പ്രധാനമന്ത്രി, നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സര്‍ഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന ഇന്ത്യയുടെ  നിലപാട് അടിവരയിട്ട് അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍, ഉഭയകക്ഷി സഹകരണത്തിലെ നിരവധി വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. 

യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപും പുതിനും അലാസ്‌കയില്‍ മൂന്നുമണിക്കൂറോളം അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അന്തിമ കരാര്‍ രൂപപ്പെട്ടില്ലെങ്കിലും വലിയ പുരോഗതിയുണ്ടായെന്ന് ട്രംപ് അറിയിച്ചിരുന്നു. യുക്രൈനും യൂറോപ്പും ഇടപെട്ട് ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കരുതെന്ന് പുതിനും വ്യക്തമാക്കി. ചര്‍ച്ചയുടെ വിശദാംശങ്ങളിലേക്ക് ഇരുനേതാക്കളും കടന്നില്ല. ട്രംപിനൊപ്പം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുത്തു. പുതിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്‌റോവും പങ്കെടുത്തു. ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരു രാഷ്ട്രനേതാക്കളും പരസ്പരം കാണുന്നത്.

Content Highlights: Modi and Putin Discuss Ukraine, Bilateral Cooperation in Phone Call