വൈദ്യുതി തടസ്സത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ; ജനജീവിതം താറുമാറായി

വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ട്രാഫിക് ലൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഗതാഗത കുരുക്കുണ്ടായപ്പോള്‍ | AFP
വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ട്രാഫിക് ലൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഗതാഗത കുരുക്കുണ്ടായപ്പോള്‍ | AFP

മാഡ്രിഡ്: വൈദ്യുതി വിതരണം തടസ്സപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍. സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വൈദ്യുതിവിതരണം തടസ്സപ്പെട്ടതിനേത്തുടർന്ന് ദൈനംദിന ജീവിതം താറുമാറായത്.  വൈദ്യതി തടസ്സപ്പെട്ടതിന്‍റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് സ്പാനിഷ് പവര്‍ ഗ്രിഡ് ഓപ്പറേറ്റായ റെഡ് ഇലക്ട്രിക്ക അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെയാണ് പ്രധാനമായും വൈദ്യുതി തടസ്സം ബാധിച്ചതെന്ന് ഇ-റീഡിസ് എന്ന സ്പാനിഷ് ഇലക്ട്രിസിറ്റി ഗ്രിഡ് മോണിറ്ററിങ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സ്പെയിൻ, പോർച്ചുഗൽ സർക്കാരുകൾ അടിയന്തര കാബിനറ്റ് യോഗങ്ങൾ വിളിച്ചുചേർത്തു.

വൈദ്യുതി തടസ്സം നേരിട്ടതോടെ മാഡ്രിഡ് നഗരത്തില്‍ വന്‍ഗതാഗത കുരുക്കുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പോര്‍ച്ചുഗലിലും സ്ഥിതി സമാനമായിരുന്നു. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലും പോര്‍ട്ടോ നഗരത്തിലും മെട്രോ സർവീസ് പ്രവര്‍ത്തിച്ചില്ല. ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്.

സ്‌പെയിനിലും ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. വൈദ്യുതി വിതരണ തടസ്സത്തെ തുടര്‍ന്ന് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റും റദ്ദാക്കി. സ്‌പെയിനില്‍ ആറ് മുതല്‍ പത്തുമണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈദ്യുതി തടസ്സമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അതേസമയം, തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ അലാറിക് മലനിരകളിലുണ്ടായ തീപ്പിടിത്തം മൂലം ഉയര്‍ന്ന വോള്‍ട്ടേജിലുള്ള പവര്‍ കേബിള്‍ തകര്‍ന്നതാണ് ഫ്രാന്‍സില്‍ വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: power outage hits spain france portugal