വിലാപങ്ങളോടെ വിട, മാര്‍പാപ്പയുടെ ഭൗതികശരീരം സംസ്‌കരിച്ചു

റോം: കരുണയുടേയും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മഹദ്‌വക്താവ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിലാപങ്ങളോടെ വിട നല്‍കി ലോകം. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ ഭൗതികശരീരം സംസ്‌കരിച്ചു. പതിനായിരക്കണക്കിന് വിശ്വാസികള്‍ ബസലിക്കയുടെ പുറത്ത് പ്രാര്‍ഥനകളോടെ നില്‍ക്കുന്നുണ്ടായിരുന്നു. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമായിരുന്നു സെന്റ് മേരി മേജര്‍ ബസലിക്കയില്‍ സംസ്‌കാരം നടത്തിയത്. കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങു കള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.
ശനിയാഴ്ച പ്രദേശികസമയം എട്ടുമണിയോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പൊതുദര്‍ശനം അവസാനിച്ചതിനുപിന്നാലെ പ്രാര്‍ഥനകള്‍ക്കുശേഷം ഭൗതികശരീരം സെന്റ് മേരി മേജര്‍ ബസലിക്കയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വിലാപയാത്രയില്‍ വന്‍ജനാവലി പങ്കെടുത്തു. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി,ഫ്രഞ്ച് പ്രസിഡന്റ് ഉമ്മാനുവല്‍ മാക്രോണ്‍, സ്‌പെയിന്‍ രാജാവ് ഫിലിപ് VI, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ, വില്യം രാജകുമാരന്‍ തുടങ്ങി ഒട്ടേറെ രാഷ്ട്രത്തലവന്‍മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
തിങ്കളാഴ്ചയാണ് മാര്‍പാപ്പ ദിവംഗതനായത്. മൂന്നു ദിവസമായി സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരത്തില്‍ രണ്ടരലക്ഷത്തോളം പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. റോമിലെ പുരാതനദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഫോറി ഇംപീരിയാലിയും കൊളോസിയവും കടന്നായിരുന്നു വിലാപയാത്ര. പാവങ്ങളുടെ പാപ്പയായിരിക്കാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ സാന്താ മരിയ മാര്‍ജറിയില്‍ അശരണരുടെ ഒരുസംഘമുണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്നു. 'ഫ്രാന്‍സിസ്‌കസ്' (ഫ്രാന്‍സിസ് എന്നതിന്റെ ലത്തീന്‍ നാമം) എന്നുമാത്രമേ ശവകുടീരത്തില്‍ എഴുതൂ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹമാണ് ഇതുരണ്ടും. ഞായറാഴ്ച രാവിലെമുതല്‍ ജനങ്ങള്‍ക്ക് ശവകുടീരം സന്ദര്‍ശിക്കാം.
ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരം നടന്ന് 15-20 ദിവസത്തിനുശേഷം പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് വത്തിക്കാനില്‍ തുടങ്ങും.
Content Highlights: Pope Francis, a champion of compassion, is laid to rest in Rome