പാക് സേന സ്ഥാപിച്ച കൂറ്റന്‍ കണ്ടെയ്നറുകള്‍ പുഴയിലെറിഞ്ഞ് സമരക്കാര്‍; പാക് അധീനകശ്മീരില്‍ ജനകീയപ്രക്ഷോഭം ശക്തം

ഇസ്ലാമാബാദ്: പാകിസ്താന് സര്‍ക്കാരിനെതിരേ പാക് അധീനകശ്മീരില്‍ (പിഒകെ) നടക്കുന്ന ജനകീയ പ്രക്ഷോഭം രണ്ടാംദിവസവും പ്രക്ഷുബ്ധമായി. കഴിഞ്ഞദിവസം സമരക്കാര്‍ക്ക് നേരേ നടത്തിയ വെടിവെപ്പിലും അക്രമത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയത്.
അവാമി ആക്ഷന്‍ കമ്മിറ്റി(എസിസി)യുടെ നേതൃത്വത്തിലാണ് പാക് അധീനകശ്മീരില്‍ ജനകീയ പ്രക്ഷോഭം നടക്കുന്നത്. ചൊവ്വാഴ്ച സമരക്കാരെ തടയാനായി പാക് സേന റോഡിലും പാലത്തിലും മറ്റും സ്ഥാപിച്ച കണ്ടെയ്നറുകള്‍ സമരക്കാര്‍ പുഴയിലേക്ക് തള്ളിയിട്ടു. നൂറുക്കണക്കിനുപേര്‍ ചേര്‍ന്ന് കണ്ടെയ്നര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് തള്ളിയിടുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച സമരക്കാരെ നേരിടാനെത്തിയ പാകിസ്താന് പോലീസിന് നേരേ രൂക്ഷമായ കല്ലേറുണ്ടായി. ഇതോടെ പോലീസ് മടങ്ങി. തുടര്‍ന്ന് സമരക്കാര്‍ വടികളും മറ്റും കൈയിലേന്തി പാക് സര്‍ക്കാരിനെതിരേയും സേനകള്‍ക്കെതിരേയും മുദ്രാവാക്യം മുഴക്കി. പ്രക്ഷോഭത്തിന്റെ ഭാഗമായി മേഖലയിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും സ്തംഭിച്ചു.
പിഒകെ അസംബ്ലിയില്‍ കശ്മീരി അഭയാര്‍ഥികള്‍ക്കായി സംവരണംചെയ്ത 12 സീറ്റുകള്‍ റദ്ദാക്കുക എന്നതടക്കം 38 ആവശ്യങ്ങളാണ് അവാമി ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുന്നത്. വൈദ്യുതിയും പെട്രോളും അടക്കമുള്ളവ സാധാരണക്കാരന് താങ്ങാനാകാതെ വിലയിലെത്തിയതിനാല് പണപ്പെരുപ്പം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു.
'70 വര്‍ഷത്തിലേറെയായി ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്കായാണ് ഈ പ്രചാരണവും പ്രതിഷേധവും. ഒന്നുകില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ ജനങ്ങളുടെ രോഷം അഭിമുഖീകരിക്കുക', അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു. സമരം 'പ്ലാന്‍ എ' മാത്രമാണെന്നും ഷൗക്കത്ത് നവാസ് മിര്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മുന്നറിയിപ്പ് നല്കി. ജനങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നുവെന്ന കാര്യം അധികാരികളെ അറിയിക്കാനുള്ള സന്ദേശമാണിത്. അവാമി ആക്ഷന്‍ കമ്മിറ്റിക്ക് മറ്റു പദ്ധതികളുണ്ടെന്നും അതിനുപുറമേ അതിതീവ്രമായ പ്ലാന്‍ ഡിയും ഉണ്ടെന്നും നവാസ് മിര്‍ പറഞ്ഞു.
അതേസമയം, പ്രക്ഷോഭം നേരിടാനായി കൂടുതല്‍ സൈന്യത്തെ പാക് സര്‍ക്കാര്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.
Content Highlights: Protests in Pakistan-occupied Kashmir (PoK) against the Pakistani government escalate. Two killed in violence, locals demand rights and price control. ACC leads the movement.