ഇന്ത്യ-യുഎസ് മഞ്ഞുരുകുന്നുവോ? മോദിയുമായി നടന്നത് അവിശ്വസനീയമായ കൂടിക്കാഴ്ചയെന്ന് നിയുക്ത യുഎസ് സ്ഥാനപതി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മോദിയുമായി നടന്നത് അവിശ്വസനീയമായ കൂടിക്കാഴ്ചയെന്നാണ് ഗോര്‍ പറഞ്ഞത്.
'ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിനെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കാലയളവ് ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവും തന്ത്രപരവുമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.' പുതിയ യുഎസ് സ്ഥാനപതിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഗോര്‍ സമ്മാനമായി നല്‍കിയ, ട്രംപിനൊപ്പമുള്ള ചിത്രവും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ യുഎസ് സ്ഥാനപതിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത സഹായിയുമാണ് 38-കാരനായ സെര്‍ജിയോ ഗോര്‍. മാനേജ്മെന്റ് ആന്‍ഡ് റിസോഴ്സസ് ഡെപ്യൂട്ടി സെക്രട്ടറി മൈക്കിള്‍ ജെ. റിഗാസിനൊപ്പമാണ് ഗോര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആറ് ദിവസത്തെ പര്യടനത്തില്‍, മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഗോര്‍, കൂടിക്കാഴ്ച നടത്തും.
മോദിയെ, മഹാനും ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്തായുമാണ് ട്രംപ് കണക്കാക്കുന്നതെന്ന് ഗോര്‍ പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവിശ്വസനീയമായ ഒരു കൂടിക്കാഴ്ച നടത്താന്‍ എനിക്കായി. ഞങ്ങള്‍ വ്യാപാരം, സുപ്രധാന ധാതുക്കള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു.' ഇന്ത്യയുടെ അടുത്ത അംബാസഡറായി സെനറ്റ് അദ്ദേഹത്തിന്റെ നിയമനം സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ യുഎസ് സ്ഥാനപതി പറഞ്ഞു.
യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം വീണ്ടും ശക്തിപ്പെടുത്തുന്നതിന് ഇരുപക്ഷവും നല്‍കുന്ന പ്രാധാന്യമാണ് ഈ പ്രസ്താവന അടിവരയിടുന്നതെന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ സന്ദര്‍ശനം പരസ്പര ബഹുമാനവും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പങ്കാളിത്ത പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ ട്രംപ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങള്‍ക്കിടയിലും, നിയുക്ത യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍ വരും ദിവസങ്ങളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഗോര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പുതിയ ട്രംപ് ഭരണകൂടത്തിലെ 4,000-ത്തിലധികം തസ്തികകളുടെ പരിശോധനാ ചുമതലയുണ്ടായിരുന്ന വൈറ്റ് ഹൗസ് പ്രസിഡന്‍ഷ്യല്‍ പേഴ്സണല്‍ ഓഫീസിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം മുമ്പ്. ദക്ഷിണ, മധ്യേഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ദൂതനായും ഗോര്‍ പ്രവര്‍ത്തിക്കും.