ഹെഗ്‌സെത്ത് തത്കാലത്തേക്ക് രക്ഷപ്പെട്ടു; വിമത റിപ്പബ്ലിക്കൻ നേതാവ് കൊണ്ടുവന്ന ഇംപീച്ച്‌മെന്റ്‌നീക്കം പരാജയപ്പെട്ടു

#ന്യൂസ് ഡെസ്ക്
പീറ്റ് ഹെഗ്‌സെത്ത് |ഫോട്ടോ:AFP
പീറ്റ് ഹെഗ്‌സെത്ത് |ഫോട്ടോ:AFP

വാഷിങ്ടൺ: കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ യുദ്ധം ചെയ്തുവെന്ന് ആരോപിച്ച്, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു. ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് കൊണ്ടുവരാനുള്ള വിമത റിപ്പബ്ലിക്കൻ അംഗം തോമസ് മാസിയുടെ പ്രമേയം യുഎസ് ജനപ്രതിനിധിസഭ തള്ളുകയായിരുന്നു.

ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയങ്ങളുടെ ആഘാതം റിപ്പബ്ലിക്കൻ പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വോട്ടെടുപ്പ് നടന്നത്. ഇറാനുമായുള്ള യുദ്ധവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയുമാണ് ഈ പരാജയങ്ങൾക്ക് കാരണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ആരോപിച്ചിരുന്നു. എന്നാൽ, ഹെഗ്സെത്തിന് ശക്തമായ പിന്തുണ നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ, റിപ്പബ്ലിക്കൻ പ്രതിനിധികൾ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്നു.

കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസിയുടെ നേതൃത്വത്തിലാണ് ഇംപീച്ച്‌മെന്റ് നീക്കം നടന്നത്, ഡെമോക്രാറ്റുകളും ഇതിനെ പിന്തുണച്ചു. 11 ഡെമോക്രാറ്റുകൾ ഉൾപ്പെടെ ചില അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 211 പേർ പ്രമേയത്തെ എതിർത്തപ്പോൾ 204 പേർ മാത്രമാണ് അനുകൂലിച്ചത്.  

ഇടക്കാല തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ജനുവരിയിലാണ് ഡെമോക്രാറ്റുകൾ പ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കുക. ഹെഗ്സെത്ത് നിലവിൽ തത്കാലത്തേക്ക് രക്ഷപ്പെട്ടെങ്കിലും ഡെമോക്രാറ്റുകൾ നിയന്ത്രണം ഏറ്റെടുത്താൽ അദ്ദേഹത്തെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കാനുള്ള നീക്കം നടക്കും.

ജനുവരിയിൽ ഡെമോക്രാറ്റുകൾ അധികാരമേൽക്കുമ്പോൾ അടുത്ത സ്പീക്കറാകുമെന്ന് കരുതപ്പെടുന്ന ഹൗസ് ഡെമോക്രാറ്റിക് ലീഡർ ഹക്കീം ജെഫ്രിസ് ഈ നീക്കത്തെ ശക്തമായി പിന്തുണച്ചു. ഹെഗ്സെത്ത് തന്റെ അധികാരം ദുരുപയോഗം ചെയ്യുകയും അമേരിക്കയുടെ ദേശീയ സുരക്ഷയെ തകർക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഹെഗ്‌സെത്തിനെതിരായ നീക്കം പരാജയപ്പെട്ടത് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെ പ്രസിഡന്റ് ട്രംപ് ആഘോഷിച്ചു. ഈ ശ്രമം 'ദയനീയമായി പരാജയപ്പെട്ടു' എന്ന് അദ്ദേഹം പറഞ്ഞു.

താൻ കൊണ്ടുവരുന്ന ഇംപീച്ച്മെന്റ് നീക്കം വിജയിച്ചേക്കില്ലെന്ന് മാസി നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാൽ, ഡെമോക്രാറ്റുകൾ സ്വന്തം നിലയ്ക്ക് ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുമ്പായി, ഹെഗ്സെത്തിനെ മാറ്റാൻ ട്രംപിനെ പ്രേരിപ്പിക്കാൻ ഈ നീക്കം സഹായിച്ചേക്കാമെന്നും അദ്ദേഹം വാദിച്ചു.

Content Highlights: US House of Representatives defeated the impeachment resolution against Defense Secretary Pete Hegseth., The motion was brought by dissident Republican Thomas Massie, citing unauthorized war against Iran., President Donald Trump strongly supported Hegseth, ensuring Republican backing in the vote., Democrats are expected to renew impeachment efforts after taking control of Congress in January.