മെക്‌സിക്കോയിലെ 'പഞ്ചവടിപ്പാലം' തകര്‍ന്നു, മേയറും ഭാര്യയുമടക്കം പുഴയില്‍ വീണു | വീഡിയോ

കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത 'പഞ്ചവടിപ്പാലം' എന്ന സിനിമ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. നിര്‍മാണം പൂര്‍ത്തിയായ പാലം ഉദ്ഘാടന വേളയില്‍ത്തന്നെ തകര്‍ന്നുവീഴുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്. കുത്തഴിഞ്ഞ ഭരണസംവിധാനത്തെയും അഴിമതിയെയുമെല്ലാം രൂക്ഷമായി പരിഹസിക്കുന്ന സിനിമ. ഇതിനു സമാനമായ കാര്യമാണ് ഇപ്പോള്‍ ഒരു മെക്‌സിക്കന്‍ നഗരത്തില്‍ സംഭവിച്ചിരിക്കുന്നത്.
മെക്‌സിക്കോയിലെ കുവെര്‍ണാവെക്ക നഗരത്തിലെ പാലമാണ് പുനരുദ്ധാരണത്തിനു ശേഷം നടത്തിയ ഉദ്ഘാടനാവസരത്തില്‍ത്തന്നെ തകര്‍ന്നുവീണത്. ഉദ്ഘാടനത്തിനു ശേഷം പാലത്തിനു മേലേ നടന്നു കാണുകയായിരുന്നു മേയറും സംഘവും. ഇതിനിടയിലാണ് പാലം തകര്‍ന്ന് ഇരുപതോളം പേര്‍ താഴേക്ക് പതിച്ചത്. മേയര്‍, മേയറുടെ ഭാര്യ, നാല് കൗണ്‍സില്‍ മെമ്പര്‍മാര്‍, രണ്ട് ഉദ്യോഗസ്ഥര്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങിയവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഒരു ചെറിയ നദിക്കു മേലേക്കൂടിയുള്ള തൂക്കു പാലമാണ് തകര്‍ന്നത്. ഏകദേശം 10 അടി താഴ്ചയിലേക്കാണ് എല്ലാവരും വീണത്. മരംകൊണ്ട് നിര്‍മിച്ച പാലത്തിന്റെ തട്ട് ഇരുമ്പ് ചങ്ങലകളില്‍നിന്ന് വേര്‍പെട്ട് താഴേക്കു പതിക്കുകയായിരുന്നു. പുഴയില്‍ അധികം വെള്ളമില്ലാതിരുന്നതിനാല്‍ ആര്‍ക്കും കാര്യമായ അപകടം സംഭവിച്ചില്ല. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിധിയിലധികം ആളുകള്‍ കയറിയതുകൊണ്ടാണ് പാലം തകര്‍ന്നതെന്ന് മേയര്‍ വ്യക്തമാക്കി.
Content Highlights: panchavadi palam in mexico: Bridge Collapses Right After Being Inaugurated