വ്യോമയാനസുരക്ഷയ്ക്ക് വഴിയൊരുക്കിയ വിമാന ദുരന്തം; 74 വർഷത്തിനുശേഷം ‘പാൻ ആം’ അവശിഷ്ടം കണ്ടെത്തി

#ന്യൂസ് ഡെസ്ക്
ക്ലിപ്പർ എൻഡേവർ വിമാനം | Photo: Pan Am Historical Foundation
ക്ലിപ്പർ എൻഡേവർ വിമാനം | Photo: Pan Am Historical Foundation

സാൻ ജുവാൻ (പോർട്ടൊറിക്കൊ): വ്യോമായാന സുരക്ഷയിൽ വഴിത്തിരിവായ ഒരു വിമാനാപകടം. 74 വർഷത്തിനുശേഷം അപകടത്തിൽപെട്ട പാൻ അമേരിക്കൻ വേൾഡ് എയർവേസ് (പാൻ ആം) കമ്പനിയുടെ ക്ലിപ്പർ എൻഡേവർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അത്‌ലാൻറിക് സമുദ്രത്തിൽ 2000 അടി താഴ്ചയിൽനിന്നാണ് അവശിഷ്ടങ്ങൾകിട്ടിയത്.

വിമാനയാത്രകളിൽ ഇന്നുകാണുന്ന രീതിയിൽ സുരക്ഷാനിർദേശങ്ങൾ നിർബന്ധമാക്കിയതിന് വഴിതെളിച്ച ദുരന്തമാണിത്. 1952 ഏപ്രിൽ 11-ന് സാൻ ജുവാനിൽനിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട ഡഗ്ലസ് ഡി.സി.-4 വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം എൻജിൻ തകരാറിനെത്തുടർന്ന് അത്‌ലാൻറിക് സമുദ്രത്തിൽ പതിക്കുകയായിരുന്നു. തകർന്നുവീണ സമയത്ത് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും രക്ഷപ്പെട്ടെങ്കിലും സുരക്ഷാ നടപടികളെക്കുറിച്ച് മുൻകൂട്ടി നിർദേശം ലഭിക്കാതിരുന്നതിനാലും ലൈഫ് ജാക്കറ്റുകളും ലൈഫ് റാഫ്റ്റുകളും ഉപയോഗിക്കുന്നതിലെ ആശയക്കുഴപ്പവും കാരണം 52 പേർ മരിച്ചു. 17 പേർക്കുമാത്രമേ രക്ഷപ്പെടാനായുള്ളൂ.

ഈ സംഭവത്തിനുപിന്നാലെയാണ് യാത്ര ആരംഭിക്കുന്നതിനുമുൻപ് സുരക്ഷാ നിർദേശങ്ങൾ നിർബന്ധമായും നൽകണമെന്ന വ്യവസ്ഥ നിലവിൽവന്നത്. എയർ സി ഹെറിറ്റേജ് ഫൗണ്ടേഷനും ആഴക്കടൽ ഗവേഷണസ്ഥാപനമായ ഡീപ് സി വിഷനും ചേർന്നുനടത്തിയ അന്വേഷണത്തിലൂെടയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Content Highlights: Deep-sea explorers discover the 1952 Pan Am Clipper Endeavor wreckage 2,000ft deep. This tragedy revolutionized modern aviation safety.