തെറ്റുതിരുത്തി ബ്രിട്ടൺ, വഴങ്ങാതെ യുഎസ്; പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതിന്റെ അർഥമെന്ത്?

പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ നിന്ന് | Photo: AFP
പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ നിന്ന് | Photo: AFP

ബ്രിട്ടനും ഓസ്‌ട്രേലിയയും കാനഡയും പലസ്തീൻരാഷ്ട്രത്തെ അംഗീകരിച്ചിരിക്കുന്നു. വരുംദിവസങ്ങളിൽ ഫ്രാൻസുൾപ്പെടെ ഏതാനും പാശ്ചാത്യരാജ്യങ്ങളും ഇതുചെയ്യും. ഈ അംഗീകാരംകൊണ്ട് എന്താണ് അർഥമാക്കുന്നത്?

ഒരേസമയം ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന രാജ്യമാണ് പലസ്തീൻ. വലിയൊരളവ് അന്താരാഷ്ട്ര അംഗീകാരമുണ്ട്, പലരാജ്യങ്ങളിലും നയതന്ത്രകാര്യാലയങ്ങളുണ്ട്, പലസ്തീന്റെ ടീമുകൾ ഒളിമ്പിക്‌സുൾപ്പെടെയുള്ള അന്താരാഷ്ട്ര കായികമത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. യുഎന്നിൽ നിരീക്ഷകപദവിയുണ്ട്. എന്നാൽ, വോട്ടവകാശമില്ല.

പതിറ്റാണ്ടുകളായി ഇസ്രയേലുമായി നിലനിൽക്കുന്ന സംഘർഷം കാരണം പലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിർത്തികളില്ല, തലസ്ഥാനമില്ല, സൈന്യമില്ല. വെസ്റ്റ് ബാങ്കും ഗാസയുമാണ് പലസ്തീന്റെ ഇപ്പോഴുള്ള ഭാഗങ്ങൾ. ഈ അവസ്ഥയിൽ പലസ്തീൻരാഷ്ട്രത്തെ അംഗീകരിക്കൽ പ്രതീകാത്മകം മാത്രമാണ്. വളരെ ശക്തമായ ധാർമിക, രാഷ്ട്രീയ പ്രസ്താവനയാണത്. അല്ലാതെ അടിസ്ഥാനപരമായി ഒരുമാറ്റവുമുണ്ടാവില്ല. പക്ഷേ, പ്രതീകാത്മകതയ്ക്ക് വലിയ ശക്തിയുണ്ട്.

ബ്രിട്ടന്റെ തെറ്റുതിരുത്തൽ

1917-ൽ ബാൽഫർ പ്രഖ്യാപനത്തിലൂടെ പലസ്തീനിൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കാൻ വഴിയൊരുക്കിയത് ബ്രിട്ടനാണ്. 1948-ൽ ഇസ്രയേൽ രാഷ്ട്രം പിറന്നു. പലസ്തീൻജനതയ്ക്ക് സ്വന്തമായൊരു രാജ്യം നൽകുമെന്നു പറഞ്ഞെങ്കിലും അത് യഥാർഥ്യമായില്ല. അന്ന് പലസ്തീൻജനതയോടുകാട്ടിയ വഞ്ചനയ്ക്കുള്ള ചെറിയ തിരുത്താണ് ഇപ്പോൾ പലസ്തീൻരാഷ്ട്രത്തിന് ബ്രിട്ടൻ നൽകിയ അംഗീകാരം.

“ദ്വിരാഷ്ട്രപരിഹാരത്തെ പിന്തുണയ്ക്കേണ്ട ചരിത്രപരമായ ബാധ്യത ബ്രിട്ടനുണ്ട്” എന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമി ഇതെക്കുറിച്ചു പറഞ്ഞത്. വെസ്റ്റ് ബാങ്കും ഗാസയും ചേർത്ത്, കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി പലസ്തീൻരാഷ്ട്രം രൂപവത്കരിക്കുന്നതിനെയാണ് ‘ദ്വിരാഷ്ട്രപരിഹാരം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഒരിടത്തുമെത്തിയിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങൾക്കുവിരുദ്ധമായി വെസ്റ്റ് ബാങ്കിന്റെ നല്ലൊരുശതമാനം ഇസ്രയേൽ കൈയടക്കിവെച്ചിരിക്കുകയാണ്.

കിഴക്കൻ ജറുസലേമിനടുത്തേക്ക് അധിനിവേശം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. ഗാസയെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലും. ഈ സാഹചര്യത്തിൽ പലസ്തീൻരാഷ്ട്രമെന്ന സങ്കല്പംതന്നെ തകരുന്ന സ്ഥിതിയാണ്. ഗാസയിലെ ദാരുണമായ സ്ഥിതിവിശേഷത്തിലുള്ള അന്താരാഷ്ട്രരോഷം മുറുകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പലസ്തീൻരാഷ്ട്രത്തെ അംഗീകരിക്കാൻ തീരുമാനിച്ചത്. 1988-ലാണ് പലസ്തീന്റെ വിമോചനത്തിനായി പോരാടിയ പിഎൽഒ സ്വതന്ത്രപലസ്തീൻ രാഷ്ട്രം നിലവിൽവന്നതായി പ്രഖ്യാപിച്ചത്. യുഎൻ പൊതുസഭയിലെ 193 അംഗരാജ്യങ്ങളിൽ 147 എണ്ണം പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നു.

സമാധാനത്തിലേക്ക്‌ ഒരു പടിയെന്ന്‌ അബ്ബാസ്

പതിറ്റാണ്ടുകളായി യാതനകൾ പേറുന്ന പലസ്തീൻ സമൂഹത്തെസംബന്ധിച്ച് വിജയമാണ് പലസ്തീൻ രാഷ്ട്രത്തെ ഒൗദ്യോഗികമായി അംഗീകരിച്ച ഇസ്രയേലിന്റെ നാല് സഖ്യകക്ഷികളുടെ തീരുമാനം.ഈ അഗീകാരം ശാശ്വതസമാധാനത്തിലേക്കുള്ള ചുവടാണെന്ന് വെസ്റ്റ് ബാങ്ക് ഭരിക്കുന്ന പലസ്തീനിയൻ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.

തീരുമാനത്തോട് കടുത്തരോഷം പ്രകടിപ്പിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇത് യുഎന്നിൽ ചോദ്യംചെയ്യുമെന്ന് വ്യക്തമാക്കി. “പലസ്തീൻ രാഷ്ട്രവാദം ഞങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കും. ഭീകരതയ്ക്കുള്ള സമ്മാനംകൂടിയാണ് ഈ തീരുമാനം” -നെതന്യാഹു പറഞ്ഞു. പലസ്തീന്റെയും ഇസ്രയേലിന്റെയും സമാധാനപരമായ ഭാവിക്കായി എല്ലാ പിന്തുണയുമുണ്ടാകുമെന്ന വാഗ്ദാനത്തോടെ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നെന്നാണ് ഞായറാഴ്ച കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കുറിച്ചത്.

യുഎന്നിലെ പലസ്തീൻ

പൊതുസഭയിലെ എത്രരാജ്യങ്ങൾ പലസ്തിന്റെ രാഷ്ട്രപദവിയെ അംഗീകരിച്ചിട്ടും കാര്യമില്ല. അന്തിമഅംഗീകാരം യുഎന്നിന്റെ ഏറ്റവും ശക്തമായ രക്ഷാസിമിതിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. അഞ്ചു സ്ഥിരാംഗങ്ങളിൽ ചൈനയും റഷ്യ യും പലസ്തീൻ രാഷ്ട്രത്തെ മുൻപേ അം ഗീകരിച്ചിട്ടുണ്ട്. ബ്രിട്ടനും ഫ്രാൻസുംകൂടി അംഗീകരിക്കുന്നതോടെ പലസ്തീനെ അംഗീകരിക്കാത്ത ഏക സ്ഥിരാംഗം യുഎസ് മാത്രമാകും.

Content Highlights: Several Western nations, including the UK, Australia, and Canada, formally recognize Palestine