ഒരു ലക്ഷം എഫ്.പി.വി ഡ്രോണുകളും 500 ലോയിറ്ററിങ് യുദ്ധോപകരണങ്ങളും; തുർക്കിയുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: തുർക്കിയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കി പാകിസ്താൻ. തുർക്കിയിലെ പ്രതിരോധ കമ്പനിയായ പസിഫിക് ടെക്നോളജിയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ച് ഒരു ലക്ഷം മെർക്യൂട്ട് എഫ്.പി.വി ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും വാങ്ങാനാണ് പാകിസ്താന്റെ നീക്കം. പാകിസ്താനിലെ നാഷണൽ റേഡിയോ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ വഴിയാണ് ഇടപാട് നടത്തുന്നത്. ഉലുസാവുൻമയുടെയും ഡിഫൻസ് ബ്ലോഗിന്റെയും റിപ്പോർട്ടുകളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒരുലക്ഷം മെർക്യൂട്ട് ഡ്രോണുകൾക്ക് പുറമെ പത്ത് അൽപിൻ ആളില്ലാ ഹെലികോപ്റ്ററുകൾ, 25 ദുംറുൽ മിനി ഹെലികോപ്റ്ററുകൾ, 500 ഡെലി ലോയിറ്ററിങ് മ്യൂണിഷനുകൾ, 250 കോർഗൻ കര അധിഷ്ഠിത സംവിധാനങ്ങൾ എന്നിവയും കരാറിന്റെ ഭാഗമാണ്. മുൻപ് നടത്തിയ വിജയകരമായ പരീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. സൈനിക ഉപകരണങ്ങൾ നൽകുന്നതിന് പുറമെ, പാകിസ്താനിൽ ഇവയുടെ വിതരണം, വിൽപന, പ്രാദേശിക നിർമാണ-അസംബ്ലി യൂണിറ്റുകൾ എന്നിവ സ്ഥാപിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.
ഏറ്റെടുക്കുന്ന സംവിധാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മെർക്യൂട്ട് എഫ്.പി.വി ഡ്രോണുകൾ. എട്ട് കിലോമീറ്റർ വരെ പ്രവർത്തനപരിധിയുള്ള ഈ ഡ്രോണിന് 20 മുതൽ 30 മിനിറ്റ് വരെ ആകാശത്ത് തുടരാനാകും. സ്ഫോടനത്തിന്റെ ആഘാതപരിധി 20 മീറ്റർ വരെയാണെന്നാണ് റിപ്പോർട്ടുകൾ. കരാറിലെ മറ്റ് സംവിധാനങ്ങളിൽ പ്രധാനപ്പെട്ട ആൽപിൻ അൺമാൻഡ് ഹെലികോപ്റ്ററിന് ഇന്ധനം ഉൾപ്പെടെ 200 കിലോഗ്രാം വരെയുള്ള ഭാരം ചുമക്കാൻ ശേഷിയുണ്ട്. മുൻകൂട്ടി പ്രോഗ്രാംചെയ്ത ദൗത്യങ്ങൾ സ്വയം നിർവഹിക്കാനും നൈറ്റ് വിഷൻ, തെർമൽ ഇമേജിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിരീക്ഷണം നടത്താനും ഇതിന് സാധിക്കും.
റീകണൈസൻസ്, ആക്രമണ ദൗത്യങ്ങൾ എന്നിവയ്ക്കായി വികസിപ്പിച്ച ദുംറുൽ മിനി ഹെലികോപ്റ്ററുകൾ ഇലക്ട്രിക് എനർജിയിൽ പ്രവർത്തിക്കുന്നവയും ശബ്ദം കുറഞ്ഞവയുമാണ്. ഇവയ്ക്ക് 120 മിനിറ്റ് വരെ പറക്കൽ ദൈർഘ്യം ലഭിക്കും. തുർക്കിയും പാകിസ്താനും തമ്മിലുള്ള സൈനിക പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്. 2025-ൽ തുർക്കിയുടെ അഞ്ചാം തലമുറ ഖാൻ ഫൈറ്റർ ജെറ്റുകൾ സംയുക്തമായി നിർമിക്കുന്നതിനായി ഇരുരാജ്യങ്ങളും പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Pakistan signed a 3-year defense contract with Turkey's Pasifik Teknoloji., The deal includes 100,000 MERKÜT FPV drones and 500 DELİ loitering munitions., Agreements also cover local assembly and manufacturing plants in Pakistan., Further acquisitions feature ALPİN unmanned helicopters and DUMRUL mini helicopters.