പാകിസ്താനിൽ പോലീസ് ചെക്ക്പോസ്റ്റിനുനേരെ ചാവേർ ആക്രമണം: 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ പോലീസ് ചെക്ക്പോസ്റ്റിനുനേരെ ചാവേർ ആക്രമണം. വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുള്ള ദേര ഇസ്മായിൽ ഖാൻ ജില്ലയിലുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെക്ക്പോസ്റ്റിന്റെ പുറംമതിലിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. രക്ഷാപ്രവർത്തകരും സൈനിക സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളും നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നിട്ടുണ്ട്.
പ്രദേശം നിലവിൽ സംയുക്ത സുരക്ഷാ സേന പൂർണമായി വളഞ്ഞിരിക്കുകയാണ്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി ബോംബ് അവശിഷ്ടങ്ങളും കെട്ടിടാവശിഷ്ടങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹരീകെ താലിബാൻ പാകിസ്താൻ (ടിടിപി) ഏറ്റെടുത്തു.