‘യുഎസ്-ഇറാൻ സമാധാന നീക്കത്തിൽ പുരോഗതി’; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

ഇസ്ലാമാബാദ്: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക് അടുക്കുകയാണെന്ന് സൂചനനൽകി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. യുദ്ധനഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യത്തിന് മറുപടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെ സങ്കീർണമാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പാക് മന്ത്രിയുടെ പുതിയ പ്രസ്താവന.
യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരുശക്തികളും ചർച്ചകളിൽ തങ്ങളുടെ നിലപാടുകൾ കടുപ്പിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, 'കാര്യങ്ങൾ വീണ്ടും ഒരു സമാധാന ഉടമ്പടിക്കോ അല്ലെങ്കിൽ കരാറിനോ അനുകൂലമായി രൂപപ്പെടുകയാണ്' എന്ന് പാക് പ്രതിരോധ മന്ത്രി ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലെ സൂചനകൾ വ്യക്തമാക്കുന്നത് ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ ഒരു ധാരണയിലേക്ക് അടുത്തിരിക്കുന്നു എന്നാണ്', അദ്ദേഹം ശുഭാപ്തിവിശ്വാസം പങ്കുവെച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ 'നിർണായക ഘട്ടത്തിലാണ്' എന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അൽ ജസീറയോട് പറഞ്ഞതിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രതികരണം.
ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തിങ്കളാഴ്ച ഓവൽ ഓഫീസിൽവെച്ച് പ്രസിഡന്റ് ട്രംപ് നടത്തിയ പ്രതികരണമാണ് വൈറ്റ് ഹൗസ് ഓർമിപ്പിച്ചതെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു. അന്ന്, അടുത്തതായി ഇറാനെതിരെ യുഎസ് എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'നിങ്ങൾക്കത് വൈകാതെ മനസ്സിലാകും' എന്നായിരുന്നു ട്രംപിന്റെ മറുപടി.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഓവൽ ഓഫീസിൽ നടത്തിയ പ്രസംഗത്തിൽ, കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഇറാൻ 'വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക്' അവർ പണം നൽകണമെന്ന് ട്രംപ് പറഞ്ഞിരുന്നു. 'നഷ്ടപരിഹാരം നൽകേണ്ടതുണ്ടെങ്കിൽ, ആ നാശനഷ്ടങ്ങൾക്കുള്ള തുക ഇറാൻ നൽകണം എന്നാണ് ഞാൻ കരുതുന്നത്', അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച, യുദ്ധനഷ്ടപരിഹാരം നൽകണമെന്ന ഇറാന്റെ പുതിയ ആവശ്യത്തോട് പ്രതികരിച്ച ട്രംപ്, താനും 'ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നു' എന്നും പ്രതികരിച്ചു. 'കഴിഞ്ഞ 50 വർഷത്തിനിടയിൽ കൊല്ലപ്പെട്ട ഇറാനിയൻ പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം. ഭാവിയിലെ എല്ലാ ചർച്ചകളിലും ഇത് ശക്തമായി ഉൾപ്പെടുത്താൻ ഞാൻ എന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്', ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
യുദ്ധത്തിൽ മേൽക്കൈ നേടുന്നതിനായി ഇറാൻ ഉപയോഗിച്ച പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് യുഎസിന്റെ നിയന്ത്രണത്തിലാണെന്ന തന്റെ അവകാശവാദവും ട്രംപ് ആവർത്തിച്ചു. 'നിലവിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമുള്ള ഒരേയൊരു ശക്തി യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവി മാത്രമാണ്', ജലാശയത്തിന് ചുറ്റുമുള്ള ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ പ്രശംസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
Content Highlights: Pakistan reports potential peace arrangement progress between the U.S. and Iran over the Strait of Hormuz. Washington and Tehran are trading reparation demands amid ongoing naval blockades and sanctions. Global oil prices and energy supplies remain impacted due to restricted traffic through the strait.