ഇന്ത്യയുമായുള്ള പ്രശ്നപരിഹാരം: പുതിന്‍റെ സ്വാധീനം ഉപയോഗപ്പെടുത്താന്‍ സഹായം തേടി പാകിസ്താന്‍

വ്‌ളാദിമിര്‍ പുതിന്‍ | Photo: AP,  ഷഹബാസ് ഷെരീഫ് |  Photo : AFP
വ്‌ളാദിമിര്‍ പുതിന്‍ | Photo: AP, ഷഹബാസ് ഷെരീഫ് | Photo : AFP

മോസ്‌കോ: ഇന്ത്യയുമായുള്ള സംഘര്‍ഷ പരിഹാരത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ സഹായം തേടിയതായി റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് (TASS) റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുഖേനെ ഷഹബാസ് ഷെരീഫിന്റെ കത്ത് പുതിന് കൈമാറിയതായി പാക് പ്രധാനമന്ത്രിയുടെ  സ്‌പെഷ്യല്‍ അസിസ്റ്റന്റ് സെയ്ദ് താരിഖ് ഫത്തേമി പറഞ്ഞതായും ടാസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്‌റോവുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതായും പാക് പ്രധാനമന്ത്രിയുടെ കത്ത് പുതിന് കൈമാറാനായി ലാവ്‌റോവിന് നല്‍കിയതായും ഇന്ത്യയും പാകിസ്താനും സമാധാനചര്‍ച്ച നടത്തി നയതന്ത്രപരമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരുന്നതിനായി പുതിന്റെ സ്വാധീനം ഉപയോഗപ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതായും ഫത്തേമി പറഞ്ഞു. ഐക്യരാഷ്ട്രസഭയുമായോ മറ്റേതെങ്കിലും രാജ്യവുമായോ കൂടിയിരുന്ന് ഇന്ത്യയുമായി പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്ക് പാകിസ്താന്‍ ഒരുക്കമാണെന്നും ഫത്തേമി കൂട്ടിച്ചേര്‍ത്തു. 

"ഏതുനിമിഷവും യുദ്ധം ആരംഭിക്കാം എന്നൊരു സാഹചര്യത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് കഴിയാന്‍ സാധിക്കില്ല. ഏതെങ്കിലും രാജ്യത്തിന്റെ ഭാഗത്തുനിന്നോ ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നോ മറ്റേതെങ്കിലും നിഷ്പക്ഷരാജ്യത്തിന്റെ ഭാഗത്തുനിന്നോ ഇന്ത്യയും പാകിസ്താനും സമാധാനചര്‍ച്ചയ്ക്ക് ഒരുങ്ങണം എന്ന നിര്‍ദേശം ഉണ്ടാകണമെന്ന് വിശദീകരിക്കാനായി യുഎസ്, യൂറോപ്യന്‍ യൂണിയന്‍, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഞങ്ങള്‍ ഉദ്യോഗസ്ഥരെ അയച്ചു. ചര്‍ച്ച നടത്താനും പ്രശ്‌നപരിഹാരം കണ്ടെത്താനും ഞങ്ങള്‍ ഒരുക്കമാണ്", ഫത്തേമിയെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-പാക് സമാധാനചര്‍ച്ചയ്ക്ക് റഷ്യ മുന്‍കയ്യെടുക്കുമെന്ന് പാകിസ്താന്‍ പ്രതീക്ഷിക്കുന്നതായും ഫത്തേമി കൂട്ടിച്ചേര്‍ത്തു. 

Content Highlights: Pakistan PM seeks Russian President Putin`s intervention to resolve the conflict with India