ആക്രമണങ്ങൾ, സ്ഫോടന പരമ്പരകൾ, എപ്പോൾ വേണമെങ്കിലും ആരും കൊല്ലപ്പെടാം; നട്ടം തിരിഞ്ഞ് പാകിസ്താൻ

ഇസ്ലാമാബാദ്: ഏത് ദിവസവും എവിടെ വേണമെങ്കിലും സ്ഫോടനങ്ങൾ നടന്നേക്കാമെന്ന രൂക്ഷമായ ആഭ്യന്തര സുരക്ഷാ ഭീഷണിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നതെന്ന് റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങൾക്കാണ് 2025-ൽ പാകിസ്താൻ സാക്ഷ്യം വഹിച്ചത്.. അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം ഉണ്ടായ വിവിധ ആക്രമണങ്ങളിൽ 3,967 പേരാണ് വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
സൗത്ത് ഏഷ്യൻ ടെററിസം പോർട്ടലിൽനിന്നുള്ള കണക്കുകൾ പ്രകാരം, 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 2025 ഡിസംബർ 27 വരെയുള്ള കണക്കനുസരിച്ച്, ബോംബ് സ്ഫോടനങ്ങളും വെടിവയ്പ്പുകളും ഉൾപ്പെടെ 1,070 ആക്രമണങ്ങളാണ് പാകിസ്താനിലുണ്ടായത്. ആക്രമണങ്ങളിൽ ഭൂരിഭാഗത്തിനും പിന്നിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ആണ്. അഫ്ഗാനിലസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇവർ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. ടിടിപി ഭീകരർക്ക് അഫ്ഗാൻ താലിബാൻ അഭയം നൽകുന്നുവെന്ന് പാകിസ്ഥാൻ ആവർത്തിച്ച് ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങൾ അഫ്ഗാൻ ഭരണകൂടം നിഷേധിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് സൈന്യം പിൻവാങ്ങിയപ്പോൾ ഉപേക്ഷിച്ചുപോയ ഡ്രോണുകൾ, അത്യാധുനിക സ്നൈപ്പർ റൈഫിളുകൾ, നൈറ്റ് വിഷൻ ഗ്ലാസുകൾ തുടങ്ങിയ ആയുധങ്ങൾ ഇപ്പോൾ ടിടിപി ഭീകരർ ഉപയോഗിക്കുന്നുണ്ട്. ഇതാണ് പാകിസ്താന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനം. ഏകദേശം 8,500 ടിടിപി ഭീകരരാണ് പാക്- അഫ്ഗാൻ അതിർത്തിയിൽ സജീവമായുള്ളത്. വലിയൊരു സുരക്ഷാ വെല്ലുവിളിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. ടിടിപിക്കെതിരെ സൈനിക നടപടികൾ പാകിസ്താൻ നടത്തിയിട്ടുണ്ടെങ്കിലും ഭീകരവാദ ഭീഷണി ഒഴിവാക്കാൻ അത് മതിയാകുന്നില്ല. ഇതിന് പുറമെ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശത്രുതയിലേക്ക് മാറിയത് പാകിസ്താനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്.
ഭീകരാക്രമണങ്ങളും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മോശമായതും പാകിസ്താന്റെ സമ്പദ്വ്യവസ്ഥയെയാണ് തകിടം മറിക്കുന്നത്. അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതി മുൻവർഷത്തെ 115 മില്യൺ ഡോളറിൽ നിന്ന് വെറും 9.54 മില്യൺ ഡോളറായി കുറഞ്ഞു. പ്രശ്നപരിഹാരത്തിനായി തുർക്കിയും ഖത്തറും 2025 നവംബറിൽ മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ അവ പരാജയപ്പെട്ടു. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിൽ നിന്നുള്ള ഭീഷണിക്ക് പുറമെ ബലൂച് വിഘടനവാദികൾ നടത്തുന്ന ആക്രമണങ്ങളും പാകിസ്താന്റെ സൈ്വര്യം കെടുത്തുന്നതാണ്. ആഭ്യന്തര സുരക്ഷാ ഭീഷണികൾ വർദ്ധിക്കുന്നതിനൊപ്പം, ആഗോള ഭീകരവാദ സൂചികയിൽ ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യമായി പാകിസ്താൻ മാറിയിരിക്കുകയാണ്.
Content Highlights: Pakistan grapples with a surge in deadly terror attacks, with TTP being a major concern. Learn about the escalating security crisis and its impact on the nation.