ഇസ്ലാമിക രാജ്യങ്ങളെ ഉൾപ്പെടുത്തി നാറ്റോ മോഡൽ സൈനിക സഖ്യമുണ്ടാക്കാൻ പാകിസ്താൻ

ഇസ്ലാമാബാദ്: സൗദി അറേബ്യയുമായുള്ള നിലവിലുള്ള പ്രതിരോധ കരാർ വിപുലീകരിക്കാനും മറ്റ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലമായ സുരക്ഷാസഖ്യം രൂപീകരിക്കാനുമുള്ള നീക്കവുമായി പാകിസ്താൻ. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമിക രാജ്യങ്ങൾ ഭിന്നിച്ചു നിൽക്കുന്നത് ബലഹീനതകൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ പ്രതിരോധ കരാർ വിപുലീകരിച്ച്, തുർക്കി ഉൾപ്പെടെയുള്ള മറ്റ് ഇസ്ലാമിക രാജ്യങ്ങളെ കൂടി ഇതിന്റെ ഭാഗമാക്കാൻ ആസിഫ് നിർദ്ദേശിച്ചു. സുരക്ഷാസഖ്യം രൂപീകരിക്കുന്നതിൽ മുൻകൈ എടുക്കാൻ പാകിസ്താൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
ആണവായുധമുള്ള ഏക മുസ്ലിം ഭൂരിപക്ഷ രാജ്യമെന്ന നിലയിലും പരിചയസമ്പന്നമായ സൈന്യമുള്ളതിനാലും ഈ സഖ്യത്തെ നയിക്കാൻ കഴിയുമെന്നാണ് പാകിസ്താൻ വിശ്വസിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി(ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ) പോലുള്ള നിലവിലുള്ള സംഘടനകൾക്ക് സൈനികമായി നടപടിയെടുക്കാനുള്ള ശേഷി കുറവായതിനാൽ, നാറ്റോ മാതൃകയിൽ സൈനിക പ്രതിരോധ ചട്ടക്കൂട് കൊണ്ടുവരിക എന്നതാണ് പാകിസ്താന്റെ ലക്ഷ്യം.
മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ഗാസ യുദ്ധം, ഇസ്രയേൽ- മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ, ഇസ്രയേൽ-ഇറാൻ പോരാട്ടങ്ങൾ എന്നിവ കാരണം മേഖല കൂടുതൽ അസ്ഥിരമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പാകിസ്താൻ വിലയിരുത്തുന്നു. രാജ്യങ്ങൾ ഒറ്റയ്ക്കുനിന്ന് പ്രവർത്തിക്കുന്നത് അവരെ രാഷ്ട്രീയമായും സൈനികമായും ദുർബലമാക്കുമെന്നും, കൂട്ടായ പ്രതിരോധ സഹകരണം അത്യാവശ്യമാണെന്നും ഖവാജ ആസിഫ് ഊന്നിപ്പറഞ്ഞു.
നിലവിൽ പാകിസ്താനും സൗദി അറേബ്യയും സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, ആയുധ സഹകരണം എന്നിവയിൽ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഈ ബന്ധത്തെ ഔദ്യോഗിക ബഹുരാഷ്ട്ര സഖ്യമാക്കി മാറ്റാനാണ് പാകിസ്താൻ ഇപ്പോൾ ശ്രമിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ആസഫ് നടത്തിയ പ്രസ്താവന. പാകിസ്താന്റെ നീക്കങ്ങളെ ജാഗ്രതയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളിൽ പാകിസ്താനും തുർക്കിയും ഒഴികെയുള്ളവയുമായി ഇന്ത്യയ്ക്ക് ഊഷ്മളമായ ബന്ധമാണ് ഉള്ളത്. അതിർത്തിയിൽ നിരന്തരം പ്രകോപനം ഉണ്ടാക്കുകയും രാജ്യത്തേക്ക് ഭീകരവാദികളെ കടത്തിവിടുകയും ചെയ്യുന്ന പാകിസ്താനുമായി ഏതുനിമിഷവും സംഘർഷമുണ്ടാകാനുള്ള സാഹചര്യവുമുണ്ട്. അതിനാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാറ്റോ മോഡൽ സൈനിക സഖ്യം പാകിസ്താന്റെ നേതൃത്വത്തിൽ ഉണ്ടാകുന്നത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ്.
Content Highlights: Pakistan proposes a collective security alliance with Muslim-majority nations, expanding its defense pact with Saudi Arabia. Aims for a NATO-like framework to counter regional instability. Read more on the strategic implications.