യുഎസ്-ഇറാൻ സമാധാന കരാർ: മധ്യസ്ഥരെന്ന പാകിസ്താന്റെ വാദം പൊളിയുന്നു; ട്വീറ്റ് തിരുത്തി ഷെഹബാസ് ഷരീഫ്

#ന്യൂസ് ഡെസ്ക്
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് | Photo: AP
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് | Photo: AP

ഇസ്ലാമാബാദ്: യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഔദ്യോഗിക ഒപ്പിടൽ ചടങ്ങിന് സ്വിറ്റ്‌സർലൻഡിൽ പാകിസ്താൻ ആതിഥേയത്വം വഹിക്കുമെന്ന തന്റെ മുൻട്വീറ്റ് നീക്കംചെയ്ത് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. യുഎസും ഇറാനും തമ്മിലുള്ള സമാധാനകരാറിന്റെ പ്രധാന മധ്യസ്ഥൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന പാകിസ്താൻ ശരിക്കും ഈ രാജ്യങ്ങൾക്കിടയിൽ മധ്യസ്ഥത്വം വഹിച്ചിരുന്നോ എന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന ചർച്ച.

ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ ഔദ്യോഗിക യുഎസ്-ഇറാൻ ഒപ്പിടൽ ചടങ്ങിന് പാകിസ്താൻ ആതിഥേയത്വം വഹിക്കുമെന്ന അവകാശവാദം ഒഴിവാക്കിക്കൊണ്ട് പാക് പ്രധാനമന്ത്രി പങ്കുവെച്ച പുതിയ പോസ്റ്റാണ് പാകിസ്താനെ നയതന്ത്രപരമായ നാണക്കേടിലാക്കിയിരിക്കുന്നത്. അമേരിക്കയുടെയും ഇറാന്റെയും പ്രസിഡന്റുമാർ ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെച്ചെന്നും, സ്വിറ്റ്സർലൻഡിൽ ഒപ്പിടൽ ചടങ്ങൊന്നും നടക്കില്ലെന്നും ഇറാൻ പരസ്യമായി വ്യക്തമാക്കിയതോടെയാണ് ഈ തിരുത്തൽ ഉണ്ടായത്.

ഷെഹ്ബാസ് ഷരീഫ് നേരത്തെ എക്‌സിൽ പങ്കുവെച്ചിരുന്ന പോസ്റ്റിൽ; 'സഹ-മധ്യസ്ഥരായ ഖത്തറിന്റെ പിന്തുണയോടെ, ഈ സുപ്രധാന സംഭവത്തിന്റെ സ്മരണയ്ക്കായും സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുമായി പാകിസ്താൻ 2026 ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിക്കും.' എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

എന്നാൽ പുതിയ പോസ്റ്റിൽ, കരാർ തന്റെ മധ്യസ്ഥതയിൽ അംഗീകരിച്ചതാണെന്ന അവകാശവാദം നിലനിർത്തിയെങ്കിലും, ചടങ്ങ് നടത്തുന്നതിനെക്കുറിച്ചുള്ള ഭാഗം പൂർണമായും ഒഴിവാക്കിയിട്ടുണ്ട് പാക് പ്രധാനമന്ത്രി. ഒരു വലിയ നയതന്ത്ര നേട്ടമായി പാകിസ്താൻ അവതരിപ്പിച്ച ഈ കരാറിൽ, ഇരു രാജ്യങ്ങളുമായി പാക് സർക്കാർ എത്രത്തോളം ഏകോപനത്തോടെയാണ് പ്രവർത്തിച്ചിരുന്നത് എന്നും നിലവിൽ പ്രവർത്തിക്കുന്നത് എന്നുമുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

സമാധാന കരാറുമായി ബന്ധപ്പെട്ട് ജൂൺ 19-ന് പാകിസ്താൻ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്ന ഷെഹ്ബാസ് ഷരീഫിന്റെ പ്രഖ്യാപനത്തിന് നേർവിപരീതമായിരുന്നു ഇറാന്റെ പ്രസ്താവന. ഇതാണ് പാകിസ്താന് ഇപ്പോൾ വലിയ നയതന്ത്ര തിരിച്ചടിയായി മാറിയിരിക്കുന്നത്. കരാറിൽ താൻ മധ്യസ്ഥനാണെന്ന് ഷരീഫ് അവകാശപ്പെടുന്നുണ്ടെങ്കിലും, കരാറിന്റെ അന്തിമ ക്രമീകരണങ്ങളെക്കുറിച്ച് പാകിസ്താന് വ്യക്തമായ ധാരണയുണ്ടോ എന്ന സംശയം ഇത് ബലപ്പെടുത്തുന്നു.

ധാരണാപത്രം ഡിജിറ്റലായി ഒപ്പിടുമെന്നും സ്വിറ്റ്സർലൻഡിൽ ചടങ്ങ് നടക്കില്ലെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായ് (Esmaeil Baqaei) നേരത്തെ വ്യക്തമാക്കിയിരുന്നു. ജനീവയിൽ ചർച്ചാ സംഘങ്ങൾ ഉണ്ടാകുമെങ്കിലും ചടങ്ങ് ഉണ്ടാകില്ലെന്ന് അദ്ദേഹം ഇറാനിലെ തസ്‌നീം വാർത്താ ഏജൻസിയോട് പറഞ്ഞു. ഇരുപക്ഷവും ഒപ്പിട്ടതോടെ കരാർ അന്തിമമായതായും അദ്ദേഹം സ്ഥിരീകരിച്ചു.

Content Highlights: PM Shehbaz Sharif deleted a post claiming Pakistan would host a US-Iran ceremony. Iran clarified the MoU was signed digitally, refuting the need for a physical ceremony in Switzerland. The incident highlights a lack of coordination between Pakistan and the involved parties. The event was originally scheduled for June 19, 2026. The reversal has caused significant diplomatic embarrassment for Islamabad.