ഇറാൻ വിമാനം പാകിസ്താൻ ഒളിപ്പിച്ചെന്ന് റിപ്പോർട്ട്; നിഷേധിച്ച് പാക് സർക്കാർ

#ന്യൂസ് ഡെസ്ക്
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് | Photo:  AP/PTI
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് | Photo: AP/PTI

വാഷിങ്ടൺ: യു.എസ്. ആക്രമണത്തിൽനിന്ന് രക്ഷയേകാനായി ഇറാന്‍റെ സേനാവിമാനത്തിന് പാകിസ്താൻ തങ്ങളുടെ വ്യോമതാവളത്തിൽ അഭയമേകിയെന്ന് റിപ്പോർട്ട്. യു.എസ്. മാധ്യമമായ സി.ബി.എസ്. ന്യൂസ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു നൽകിയ റിപ്പോർട്ട് വഴിതെറ്റിക്കുന്നതാണെന്ന് പാകിസ്താൻ പറഞ്ഞു.

യു.എസ്. വ്യോമാക്രമണത്തിൽനിന്ന് രക്ഷപ്പെടുത്താനായി സിവിലിയൻ വിമാനങ്ങളിലൊന്ന് ഇറാൻ അഫ്ഗാനിസ്താനിൽ പാർക്ക് ചെയ്തെന്നും സി.ബി.എസ്. ന്യൂസ് റിപ്പോർട്ടുചെയ്തു. ഇക്കാര്യം അഫ്ഗാനിസ്താനും നിഷേധിച്ചു.

നിരീക്ഷണവിമാനമുൾപ്പെടെ ഏതാനും സേനാവിമാനങ്ങൾ ഇറാൻ പാകിസ്താനിലെ നൂർ ഖാൻ വ്യോമതാവളത്തിലേക്കയച്ചു എന്നാണ് സി.ബി.എസ്. ന്യൂസ് റിപ്പോർട്ടുചെയ്തത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിലിൽ ഇറാനുമായുള്ള വെടിനിർത്തൽക്കരാർ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വിമാനം ഇവിടെയെത്തിയത് എന്നും റിപ്പോർട്ട്‌ പറയുന്നു.

എന്നാൽ, ഇപ്പോൾ പാകിസ്താനിലുള്ള ഇറാൻ സേനാവിമാനം എത്തിയത് ഇറാനും യു.എസും തമ്മിലുള്ള ആദ്യ ചർച്ചയ്ക്കു പിന്നാലെയാണെന്ന് പാക് വിദേശകാര്യമന്ത്രാലയം പറഞ്ഞു. തുടർചർച്ചകൾ ഉണ്ടാകുമെന്നു കരുതി ഇവിടെത്തങ്ങി.

വിമാനത്തിന്റെ വരവിന് സൈനിക അടിയന്തരാവസ്ഥകളുമായി ബന്ധമില്ലെന്ന് പാകിസ്താൻ അറിയിച്ചു. ഇറാൻ-യു.എസ്. സമാധാനചർച്ചയ്ക്ക് പാകിസ്താൻ മധ്യസ്ഥതവഹിക്കുന്നത് നിഷ്‌പക്ഷമായാണെന്നും പറഞ്ഞു.

അതേസമയം, യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഇറാനിലെ മഹാൻ എയറിന്റെ സിവിലിയൻ വിമാനം കാബൂളിൽ ഇറങ്ങിയതെന്ന് അഫ്ഗാൻ സിവിൽ വ്യോമയാന ഉദ്യോഗസ്ഥൻ പറഞ്ഞു. യുദ്ധം തുടങ്ങിയതോടെ ഇറാൻ വ്യോമപാത അടച്ചതിനാൽ അത് അവിടെത്തന്നെ തുടർന്നുവെന്നും അറിയിച്ചു.

Content Highlights: CBS News alleged Pakistan sheltered Iranian military jets from US strikes, Pakistan government officially denies the claims as misleading. Pakistan emphasizes its neutral role in Iran-US peace negotiations. Clarification provided on the presence of Mahan Air civilian aircraft in Kabul.