താലിബാനുമായി യുദ്ധം, ഖമനേയിയുടെ പേരിൽ കലാപം; ചക്രവ്യൂഹത്തിൽ വലഞ്ഞ് പാകിസ്താൻ

ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തെത്തുടർന്ന് പാകിസ്താൻ കനത്ത ആഭ്യന്തര-പ്രതിരോധ പ്രതിസന്ധിയിലേക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിയാ വിഭാഗക്കാർ നടത്തുന്ന വൻ പ്രതിഷേധങ്ങളെത്തുടർന്ന് പാക് ഭരണകൂടം അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കറാച്ചി മുതൽ ഗിൽഗിത്-ബാൾട്ടിസ്ഥാൻ വരെ പടരുന്ന പ്രതിഷേധങ്ങളെത്തുടർന്ന് രാജ്യം മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ഗതികേടിലാണ് പാകിസ്താൻ. സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കറാച്ചിയിൽ കലാപകാരികൾക്കെതിരായ പോലീസ് നടപടിയിൽ 22 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇത് വലിയ കലാപത്തിലേക്ക് പോകാതിരിക്കാൻ കടുത്ത ജാഗ്രതയിലാണ് പാകിസ്താൻ
മേഖലയിലെ അപ്രതീക്ഷിത സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തങ്ങളുടെ നിശ്ചയിച്ചിരുന്ന റഷ്യൻ സന്ദർശനം റദ്ദാക്കി. മാർച്ച് 2 മുതൽ 5 വരെയായിരുന്നു ഇരുവരും റഷ്യ സന്ദർശിക്കേണ്ടിയിരുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ യോഗങ്ങൾ ചേർന്നു. സൈനിക മേധാവി അസിം മുനീർ റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ ജനറൽമാരുടെ രഹസ്യ യോഗം വിളിച്ചു ചേർക്കുകയും നാവിക-വ്യോമ സേനകളോട് സജ്ജരായിരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.സ
ഇറാനുമായുള്ള 909 കിലോമീറ്റർ അതിർത്തിയിൽ സംഘർഷ സാധ്യത വർദ്ധിച്ചിരിക്കുകയാണ്. യുദ്ധത്തിൽ ഇറാനെ പിന്തുണയ്ക്കാൻ പാകിസ്താൻ തയ്യാറായിട്ടില്ല. അതേസമയം യുഎസിനെ പിണക്കാനും സാധിക്കില്ല എന്ന പ്രതിസന്ധിഘട്ടത്തിലാണ് പാകിസ്താൻ. ഷിയാ വിഭാഗക്കാർ നടത്തുന്ന യുഎസ് കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി പാകിസ്താൻ നേരിടുന്നുണ്ട്. എന്നാൽ ഇത് ആഭ്യന്തര കലാപത്തിലേക്ക് വഴിവെയ്ക്കുമോയെന്നാണ് പാകിസ്താൻ ഭയക്കുന്നത്. കൂടാതെ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിലെ തർക്കങ്ങളും ഇന്ത്യയുമായുള്ള നിയന്ത്രണരേഖയിലെ അസ്വസ്ഥതകളും പാകിസ്താനെ പ്രതിരോധത്തിലാക്കുന്നു.
ഷിയാ പ്രതിഷേധങ്ങൾക്ക് പുറമെ, തെഹ്രീകെ താലിബാൻ പാകിസ്താൻ, ബലൂച് വിമത ഗ്രൂപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങളും രാജ്യത്തിന് ഭീഷണിയാണ്. ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന ആക്രമണങ്ങൾ ഇറാന്റെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിൽ അസ്ഥിരതയ്ക്ക് കാരണമാകും. ഇത് പാകിസ്താനിലെ ബലൂചിസ്ഥാനിലും വിഘടനവാദി വികാരം ശക്തമാക്കാൻ ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ ധ്രുവീകരണവും നേരിടുന്ന പാകിസ്താന് ഖമനേയിയുടെ വധത്തെത്തുടർന്നുണ്ടായ ഈ പുതിയ സാഹചര്യങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്
Content Highlights: Pakistan is on high alert due to widespread Shia protests following Khamenei's death., The Prime Minister and Army Chief have cancelled their Russia visit amid the crisis., The nation faces a diplomatic challenge, balancing relations with Iran and the US., The situation risks inflaming existing conflicts with TTP and Baloch insurgents.