വസീറിസ്താനിലെ ചാവേർ ആക്രമണത്തിനുപിന്നിൽ ഇന്ത്യയാണെന്ന പാക് വാദം തള്ളി വിദേശകാര്യമന്ത്രാലയം

പ്രതീകാത്മകചിത്രം:  Photo: AFP
പ്രതീകാത്മകചിത്രം: Photo: AFP

ന്യൂഡൽഹി: പാകിസ്താനിലെ വസീറിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് ഇതുസംബന്ധിച്ച് വിഷയത്തിൽ വ്യക്തത വരുത്തിയത്. 

'ജൂൺ 28-ന് പാകിസ്താനിലെ വസീറിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന തരത്തിലുള്ള പാകിസ്താന്റെ ഔദ്യോഗിക പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ അർഹിക്കുന്ന അവജ്‍ഞയോടെ തള്ളിക്കളയുന്നു', രൺധീർ ജയസ്വാൾ എക്സിൽ കുറിച്ചു. 

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്താന്‍ ജില്ലയില്‍ ശനിയാഴ്ചയാണ് ചാവേര്‍ ആക്രമണമുണ്ടായത്.  ആക്രമണത്തില്‍ 13 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകറ്റുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തില്‍ 10 സൈനികര്‍ക്കും 19 സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം, ചാവേര്‍ ആക്രമണം നടത്തിയത് ഫിറ്റ്‌ന-അല്‍-ഖവാരിജയാണെന്ന് പാകിസ്താൻ സായുധ സേനയുടെ മീഡിയ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസിന്‍റെ പ്രസ്താവനയിൽ പറയുന്നു.

Content Highlights: Pakistan blames india for suicide car bomb attack mea responds