'നിങ്ങളുടെ ഐഡി കാണിക്കൂ'; ജർമനിയിൽ പാക് സൈനിക മേധാവിയെ തടയാൻ ശ്രമം; ദൃശ്യങ്ങൾ വൈറൽ

#ന്യൂസ് ഡെസ്‌ക്
Screengrab Courtesy: x.com/htnworld
Screengrab Courtesy: x.com/htnworld

ബെർലിൻ: ജർമനിയിലെ മ്യൂണിക്കിൽ ചടങ്ങിനെത്തിയ പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെ തിരിച്ചറിയൽ കാർഡ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ തടയാൻ ശ്രമിച്ചു. മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥൻ അസിം മുനീറിനെ തടയാൻ ശ്രമിച്ചത്. ഐഡി കാർഡ് കാണിക്കാനും അത് ശരിയായി ധരിക്കാനും അസിം മുനീറിനോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

കോൺഫറൻസ് നടക്കുന്ന വേദിയുടെ പ്രവേശനകവാടത്തിലാണ് അസിം മുനീറിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശനമായ നിർദേശം കിട്ടിയത്. അസിം മുനീറും പാക് സൈനിക ഉദ്യോഗസ്ഥരും ഇവിടേക്ക് നടന്നെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ അസിം മുനീറിന്റെ നെയിം ബാഡ്ജിലേക്ക് വിരൽചൂണ്ടി ഐഡി കാർഡ് കാണുന്നവിധത്തിൽ തിരിച്ചുവെയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പാക് സൈനിക മേധാവിയും സംഘവും ഈ നിർദേശം പാലിച്ചശേഷമാണ് അകത്ത് പ്രവേശിച്ചത്.

അതിനിടെ, പാക് സൈനിക മേധാവി മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കുന്നതിനെതിരേ വേദിക്ക് പുറത്ത് പ്രതിഷേധങ്ങളും അരങ്ങേറി.

പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി സിന്ധി രാഷ്ട്രീയ സംഘടനയായ 'ജേ സിന്ധ് മുത്തഹിദ മഹാസ്' (ജെഎസ്എംഎം) ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. അസിം മുനീറിനെപ്പോലൊരാളെ ആഗോള സുരക്ഷാ ചർച്ചകൾ നടക്കുന്ന വേദിയിലേക്ക് ക്ഷണിച്ചത് അങ്ങേയറ്റം ഖേദകരമാണെന്ന് സംഘടന അറിയിച്ചു. ഇതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, ജർമൻ സർക്കാർ എന്നിവർക്ക് സംഘടന ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പാകിസ്താനിലെ സൈനിക ഇടപെടലുകളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര സമൂഹം ഗൗരവമായി കാണണമെന്നും ജെഎസ്എംഎം ചെയർമാൻ ഷാഫി ബുർഫത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു