'ദൈവം എന്നെ പാകിസ്താന്റെ സംരക്ഷകനാക്കി, എനിക്ക് മറ്റൊരു സ്ഥാനവും വേണ്ട' - അസിം മുനീര്‍

ഇസ്ലാമാബാദ്: രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍. ആസിഫ് അലി സര്‍ദാരിക്ക് പകരം അസിം മുനീര്‍ പാകിസ്താന്റെ പ്രസിഡന്റായേക്കുമെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അസിം മുനീര്‍ തള്ളിക്കളഞ്ഞു. യുഎസ് സന്ദര്‍ശനം കഴിഞ്ഞ് ബെല്‍ജിയത്തില്‍ എത്തിയ ശേഷം, ഡെയ്ലി ജാങ് പത്രത്തോടായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം. പാകിസ്താന്റെ ഉന്നതാധികാര സ്ഥാനങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ രാജ്യത്തിന്റെ സേവകന്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ''ദൈവം എന്നെ രാജ്യത്തിന്റെ (പാകിസ്താന്റെ) സംരക്ഷകനാക്കി. അതല്ലാതെ മറ്റൊരു സ്ഥാനവും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു സൈനികനാണ്, എന്റെ ഏറ്റവും വലിയ ആഗ്രഹം രക്തസാക്ഷിത്വമാണ്.'' - അസിം മുനീര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും പകരം സൈനിക മേധാവി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കുമെന്നുമുള്ള അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. സമീപകാലത്ത് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം കിട്ടിയ അസിം മുനീര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് തവണ അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തതോടെയായിരുന്നു ഇത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ മറികടന്ന് അദ്ദേഹം യുഎസ്. ഉന്നത നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നിലവിലുള്ള പാര്‍ലമെന്ററി സംവിധാനത്തെ മാറ്റി പ്രസിഡന്‍ഷ്യല്‍ രൂപത്തിലുള്ള സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള ശ്രമം പാകിസ്താനില്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
സൈനിക അട്ടിമറികള്‍ അസാധാരണമല്ലാത്ത പാകിസ്താനില്‍ അസിം മുനീര്‍ ഒരു ശക്തനായ വ്യക്തിയാണ്. ഡിജി ഐഎസ്‌ഐ, ഡിജി മിലിട്ടറി ഇന്റലിജന്‍സ്, കോര്‍പ്‌സ് കമാന്‍ഡര്‍, ഇപ്പോള്‍ ആര്‍മി ചീഫ് എന്നിങ്ങനെ എല്ലാ പ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അടുത്തിടെ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റവും ലഭിച്ചു.
Content Highlights: General Asim Munir dismisses rumors of presidency, affirms commitment to military service.