ഗോതമ്പിനും വൈദ്യുതിക്കും സമരം ചെയ്തവരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; പാക്കധീന കശ്മീരിൽ പ്രതിഷേധം

മൂന്ന് വർഷത്തോളമാവുന്നു പാക്കധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ പതിവായി സമരത്തിനിറങ്ങാൻ തുടങ്ങിയിട്ട്. ജോയിന്റ് ആക്ഷൻ അവാമി കമ്മിറ്റി (ജെഎഎസി) നേതൃത്വം നൽകുന്ന പ്രസ്ഥാനം തുടക്കം മുതൽ ഉന്നയിക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾ രണ്ടെണ്ണമാണ്; കുറഞ്ഞ നിരക്കിലെ ആട്ടയും താങ്ങാവുന്ന വിലയ്ക്കുള്ള വൈദ്യുതിയും. വളരെ ലളിതമായ ആവശ്യത്തിന് അവഗണനയാണ് ആദ്യ ഉത്തരം. പ്രതിഷേധം രൂക്ഷമാവുമ്പോൾ പാകിസ്താൻ പട്ടാളം പ്രക്ഷോഭകർക്ക് നേരെ വെടിവെക്കും. ഇതാണ് പതിവു രീതി. (വിട്ടുവീഴ്ച ചെയ്താലും വൈകാതെ പിൻമാറും.) കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ മുപ്പതോളം പേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് ആൾക്കാരെ തടവിലാക്കുകയും ചെയ്തെന്ന് നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാകിസ്താന്റെ ഔദ്യോഗിക കണക്കിൽ കൊല്ലപ്പെട്ടവർ പതിനൊന്ന് മാത്രം.
വ്യാപാരികളും അഭിഭാഷകരും വിദ്യാർത്ഥികളും നയിക്കുന്ന ജനകീയപ്രസ്ഥാനമായ ജെഎഎസിയെ പാക് സർക്കാർ ഈ മാസം ഭീകര സംഘടനയായി മുദ്ര കുത്തി. നിയമാനുസൃതമായ വിമർശനത്തെ കുറ്റകൃത്യമാക്കാൻ 'അവ്യക്ത കാരണങ്ങൾ' ഉപയോഗിക്കുന്നതാണ് നടപടിയെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ദക്ഷിണേഷ്യ ഓഫീസ് പറഞ്ഞു. കർഫ്യൂ, ഇന്റർനെറ്റും മൊബൈൽ നെറ്റ്വർക്കുകളും വിച്ഛേദിക്കൽ, ആശയവിനിമയ സംവിധാനങ്ങൾ അടച്ചിടൽ, ചന്തകൾ പോലും തുറക്കുന്നത് വിലക്കൽ, പാതിരാത്രിയിൽ വീടുകളിൽ അതിക്രമിച്ചു കയറി സംശയമുള്ളവരെയൊക്കെ അറസ്റ്റു ചെയ്യൽ... ഇതൊക്കെ ഈ നാട്ടിൽ പതിവായിട്ട് വർഷങ്ങളായി. ന്യായമായി അവകാശപ്പെട്ട കാര്യങ്ങൾ പോലും ചോദിക്കാൻ പാടില്ലാത്ത സാഹചര്യം. പാകിസ്താനികൾ ആസാദ് (സ്വതന്ത്ര) കശ്മീർ എന്നുവിളിക്കുന്ന പ്രദേശത്ത്് സ്വാതന്ത്ര്യം ആ പേരിൽ മാത്രമേ ഉള്ളൂ എന്ന് നാട്ടുകാർ പറയുന്നു.
Content Highlights: Massive protests in PoK and Gilgit-Baltistan over wheat and electricity shortages., Pakistani military crackdown leading to civilian casualties and mass arrests in 2026., Systemic marginalization of Kashmiri identity and language by Islamabad., India's diplomatic shift highlighting PoK's human rights issues on global platforms., The strategic role of the China-Pakistan Economic Corridor (CPEC) in regional tensions.