പാക് അധീന കശ്മീരില്‍ പഹല്‍ഗാം ഭീകരന് വേണ്ടി മയ്യത്ത് നമസ്‌കാരം, പങ്കെടുക്കാന്‍ ലഷ്‌കര്‍ കമാന്‍ഡറും

ഭീകരാക്രമണം നടന്ന പ്രദേശത്ത് നിലയുറപ്പിച്ച സുരക്ഷാ സേന |ഫോട്ടോ:AP
ഭീകരാക്രമണം നടന്ന പ്രദേശത്ത് നിലയുറപ്പിച്ച സുരക്ഷാ സേന |ഫോട്ടോ:AP

ശ്രീനഗര്‍: ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരരിലൊരാളായ താഹിര്‍ ഹബീബിന്റെ 'ജനാസ-ഗൈബ്' (മറഞ്ഞ മയ്യത്തിന് വേണ്ടിയുള്ള നമസ്‌കാരം) പാക് അധീന കശ്മീരില്‍ നടന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സ്ഥിരീകരിക്കുന്നതാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

മയ്യത്ത് നമസ്‌കാര ചടങ്ങിനിടെ സംഘര്‍ഷവുമുണ്ടായി. പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡറായ റിസ്വാന്‍ ഹനീഫ് ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിച്ചതോടെയാണ് ചടങ്ങില്‍ സംഘര്‍മുണ്ടായത്. ലഷ്‌കര്‍ അംഗങ്ങളെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താഹിറിന്റെ കുടുംബം വിലക്കിയിരുന്നു, എന്നാല്‍ ഹനീഫ് നിര്‍ബന്ധം പിടിക്കുകയും ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.

ലഷ്‌കര്‍-ഇ-ത്വയ്ബയുമായുള്ള ബന്ധവും പഹല്‍ഗാം ആക്രമണത്തിലെ പങ്കും താഹിറിനെ പിടികിട്ടാപ്പുള്ളിയായ 'എ' കാറ്റഗറി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ നടന്ന ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് മറ്റ് രണ്ട് പേര്‍ക്കൊപ്പം ഇയാള്‍ കൊല്ലപ്പെട്ടത്.

താഹിര്‍ ഹബീബിന്റെ മരണാനന്തര ചടങ്ങിനിടെ  ലഷ്‌കര്‍ പ്രവര്‍ത്തകര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതും സംഘര്‍ഷത്തിലേക്ക് വഴിവെച്ചു. തീവ്രവാദവല്‍ക്കരണത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നവരാണ് ഖായ് ഗാലയിലെ നിവാസികള്‍. ഭീകരവാദ റിക്രൂട്ട്‌മെന്റിനെ എതിര്‍ക്കുന്നതിനായി ഒരു പൊതു ബഹിഷ്‌കരണത്തിന് പദ്ധതിയിടുകയാണ് ഇവിടെയുള്ളവര്‍.

Content Highlights: Funeral of Paahalgam terrorist Tahir Habib, killed in Operation Mahadev, held in PoK, sparking clash