വിമാനം വെടിവെച്ചിട്ടതിന് തെളിവ് എവിടെയെന്ന് ചോദ്യം; എല്ലാം സോഷ്യൽമീഡിയയിലുണ്ടെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാക് അവകാശവാദത്തിന് തെളിവു ചോദിച്ചപ്പോള്‍ വിചിത്രവും പരിഹാസ്യവുമായ മറുപടിയുമായി പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. തെളിവെല്ലാം ഇന്ത്യന്‍ സാമൂഹികമാധ്യമങ്ങളിലുണ്ടെന്നായിരുന്നു ആസിഫ് നല്‍കിയ മറുപടി.
ഇന്ത്യന്‍ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് പാക് വാദം. എന്നാല്‍, അതിനു തെളിവൊന്നുമില്ലെന്ന് ഇന്ത്യ പറയുന്നു. താങ്കള്‍ക്ക് കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാനാകുമോ, എന്താണ് അതിനുള്ള തെളിവ് എന്നായിരുന്നു അവതാരക ബെക്കി ആന്‍ഡേഴ്‌സന്റെ ചോദ്യം. അതെല്ലാം സാമൂഹികമാധ്യമങ്ങളിലുണ്ട് എന്നായിരുന്നു ആസിഫ് മറുപടി നല്‍കിയത്. ഇന്ത്യന്‍ സാമൂഹികമാധ്യമങ്ങളിലാണ് ഉള്ളത്. ഞങ്ങളുടേതില്‍ അല്ല. വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വീഴുന്നതൊക്കെ... അതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളിലുണ്ടെന്നും പാക് മന്ത്രി പറഞ്ഞു. ഇതിന്, പ്രതിരോധമന്ത്രിയെന്ന നിലയ്ക്കുള്ള ഉത്തരമാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാതെ സാമൂഹികമാധ്യമങ്ങളിലുള്ളതിനെ കുറിച്ചല്ല പറയേണ്ടതെന്നും അവതാരക മറുപടിയും നല്‍കി.
യുദ്ധവിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ തെളിവിന് സോഷ്യല്‍മീഡിയ റഫറന്‍സ് പ്രയോഗിച്ച ഖ്വാജാ ആസിഫിനെതിരേ രൂക്ഷ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. ഓണ്‍ലൈനില്‍ കണ്ടെന്നൊക്കെ ഒരു പ്രതിരോധമന്ത്രിക്ക് എങ്ങനെ പറയാനാകും എന്നായിരുന്നു എക്‌സ് ഉപയോക്താക്കളില്‍ ഒരാളുടെ സംശയം. ഇതാണോ പ്രതിരോധമന്ത്രിയുടെ പ്രസ്താവന? പാകിസ്താന്‍ കാര്യഗൗരവമുള്ള രാജ്യമല്ല.. എന്നിങ്ങനെയായിരുന്നു മറ്റു പലരുടെയും കമന്റുകള്‍.
Content Highlights: pak defence minister reply to claim of shooting down indian fighter jets