ടൈറ്റന്‍ തകര്‍ന്നിട്ട് ദിവസങ്ങള്‍മാത്രം; ഇപ്പോഴും ടൈറ്റാനിക് പര്യടനത്തിന് പരസ്യവുമായി ഓഷ്യന്‍ഗേറ്റ്

വാഷിങ്ടണ്‍: സി.ഇ.ഒ. അടക്കം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നിട്ടും അടുത്തവര്‍ഷത്തേക്കുള്ള ടൈറ്റാനിക് പര്യടനത്തിന്റെ പരസ്യം ഇപ്പോഴും ടൈറ്റന്‍ പേടകത്തിന്റെ മാതൃകമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ വെബ്‌സൈറ്റില്‍. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന രണ്ടു പര്യടനങ്ങള്‍ക്കുള്ള പരസ്യമാണ് കമ്പനിയുടെ സൈറ്റിലുള്ളത്. നൂറ്റാണ്ട് മുമ്പ് തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ഏട്ട് ദിവസവും ഏഴ് രാത്രിയും നീണ്ടുനില്‍ക്കുന്ന പര്യടനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ജൂണ്‍ 12 മുതല്‍ 20 വരേയും 21 മുതല്‍ 29 വരേയും രണ്ടു പര്യടനങ്ങളാണ് കമ്പനി 2024-ല്‍ പദ്ധതിയിടുന്നതെന്നാണ് പരസ്യത്തിലുള്ളത്. ഒരാഴ്ചയില്‍ ആറുപേര്‍ക്കാണ് യാത്രചെയ്യാന്‍ അവസരം. യാത്രക്കാരുടെ കുറഞ്ഞപ്രായം 17 വയസായിരിക്കണം. വൈഫൈ അടക്കമുള്ള സൗകര്യമുണ്ടായിരിക്കുമെന്നും കമ്പനി വെബ്‌സൈറ്റ് പറയുന്നു.
ദൈനംദിന ജീവിത്തില്‍നിന്ന് മാറിനില്‍ക്കാനും തികച്ചും അസാധാരണമായ ഒന്ന് കണ്ടെത്താനുമുള്ള അവസരമെന്നാണ് ടൈറ്റാനിക് പര്യവേഷണത്തെ ഓഷ്യന്‍ഗേറ്റ് വിശേഷിപ്പിക്കുന്നത്. 25,000 ത്തോളം ഡോളറാണ് ഒരു പര്യടനത്തിന് കമ്പനി ഈടാക്കുന്നത്. അതേസമയം, ടൈറ്റാനിക് പര്യവേഷണം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ കമ്പനി അറിയിച്ചിരുന്നു.
അഞ്ചുപേരുമായി കാണാതായ ടൈറ്റനായി തിരച്ചില്‍ തുടരുന്നതിനിടെ തന്നെ കമ്പനി വെബ്‌സൈറ്റില്‍ സബ് പൈലറ്റിനായുള്ള ജോലി ഒഴിവ് പരസ്യപ്പെടുത്തിയിരുന്നു. കടുത്തവിമര്‍ശനം ഉണ്ടായതിന് പിന്നാലെ ഓഷ്യന്‍ഗേറ്റ് അത് പിന്‍വലിച്ചു. ജൂണ്‍ 18-ന് രാവിലെയായിരുന്നു ദുരന്തത്തില്‍പ്പെട്ട ടൈറ്റന്‍ ജലപേടകം യാത്രതിരിച്ചത്. പ്രധാനകപ്പലില്‍നിന്ന് ആഴക്കടലിലേക്ക് പുറപ്പെട്ട് ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍തന്നെ ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് മര്‍ദത്തെത്തടുര്‍ന്ന ഉള്‍വലിഞ്ഞുള്ള സ്‌ഫോടനത്തിലായിരുന്നു ടൈറ്റന്‍ തകര്‍ന്നത്.
Content Highlights: Oceangate Titanic shipwreck Titan advertising exploration expedition