‘ഞാൻ കേട്ടുവളർന്ന ഇന്ത്യ മതേതര റിപ്പബ്ലിക്’; മോഹൻ ഭാഗവതിന്റെ പരിപാടിയെ പിന്തുണയ്ക്കില്ലെന്ന് മംദാനി

ന്യൂയോർക്ക്: ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിലെ പൊതു പരിപാടിയ്ക്കെതിരേ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. പരിപാടിയെ പിന്തുണക്കാനാകില്ലെന്നും എന്നാൽ, സ്വകാര്യ പരിപാടി ആയതിനാൽ റദ്ദാക്കാനുള്ള നിയമപരമായ അധികാരം നഗരഭരണകൂടത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടേയും ആഗോള സമ്പർക്ക പരിപാടിയുടേയും ഭാഗമായി ഓഗസ്റ്റ് 29 ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മോഹൻ ഭാഗവത് ന്യൂയോർക്കിൽ എത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് മംദാനിയുടെ പ്രതികരണം. അയ്യായിരത്തോളം പ്രവാസി ഇന്ത്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'യൂണിവേഴ്സൽ വൺനസ്' പരിപാടിയാണ് ന്യൂയോർക്കിൽ 29-ന് സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിൽ ആർ.എസ്.എസ്. മേധാവി ജനങ്ങളെ അ്ഭിസംബോധനചെയ്യും.
പരിപാടിയ്ക്കെതിരേ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ന്യൂയോർക്ക് സിറ്റി മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ് മംദാനി. തന്റെ കുടുംബത്തിന് ഇപ്പോഴും ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ, ഏവർക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയെക്കുറിച്ച് കേട്ടാണ് ഞാൻ വളർത്തത്. എന്നാൽ, ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതും മറ്റുള്ളവരെ ഒഴിവാക്കുന്നതുമായ പ്രത്യയശാസ്ത്രങ്ങളുടെ വളർച്ച ആശങ്കാജനകമാണ്, മംദാനി പറഞ്ഞു.
തുല്യതയിലും വൈവിധ്യത്തിലും വിശ്വസിക്കുന്ന ന്യൂയോർക്ക് നഗരത്തിന്റെ മേയർ എന്ന നിലയിലും വ്യക്തിപരമായും കടുത്ത എതിർപ്പാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: NYC Mayor Zohran Mamdani opposes the RSS event featuring Mohan Bhagwat., The event is scheduled for Saturday, August 29, at Madison Square Garden., Mamdani stated the city lacks legal authority to cancel the private event., He expressed deep concern over ideologies that exclude specific groups, contrasting with secular and pluralistic values.