വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ, യുഎസിനും ജപ്പാനുമുള്ള മറുപടി

#ന്യൂസ് ഡെസ്ക്
ദക്ഷിണ കൊറിയയിലെ സിയോൾ റെയിൽവേ സ്റ്റേഷനിൽ, ഒരു വാർത്താ പരിപാടിക്കിടെ ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണത്തിന്റെ പഴയ ദൃശ്യം ടിവി സ്ക്രീനിൽ കാണിക്കുന്നു| AP Photo/Ahn Young-joon
ദക്ഷിണ കൊറിയയിലെ സിയോൾ റെയിൽവേ സ്റ്റേഷനിൽ, ഒരു വാർത്താ പരിപാടിക്കിടെ ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണത്തിന്റെ പഴയ ദൃശ്യം ടിവി സ്ക്രീനിൽ കാണിക്കുന്നു| AP Photo/Ahn Young-joon

സോൾ: കൊറിയൻ ഉപദ്വീപിൽ സംഘർഷത്തിന് ആക്കംകൂട്ടി ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ഉത്തരകൊറിയയുടെ കിഴക്കൻ തീരത്തുള്ള വോൺസാൻ മേഖലയിൽ നിന്ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ കിഴക്കൻ കടലിലേക്ക് തൊടുത്തത്. മിസൈലിന്റെ കൃത്യമായ വിവരങ്ങളും സഞ്ചാരപഥവും ദക്ഷിണ കൊറിയൻ സൈന്യം വിശകലനം ചെയ്തുവരികയാണ്. സെപ്റ്റംബർ 12-നും വോൺസാൻ മേഖലയിൽ നിന്ന് ഉത്തര കൊറിയ സമാനമായ രീതിയിൽ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അയച്ചിരുന്നു. ഇവ ഏകദേശം 250 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു.

തന്ത്രപ്രധാന ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും ഡ്രോണുകളും ഉൾപ്പെടുത്തിയ സൈനിക പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ വിശദീകരിച്ചത്. ദക്ഷിണ കൊറിയ, യു.എസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിയ അഞ്ചുദിവസം നീണ്ട 'ഫ്രീഡം എഡ്ജ്' സൈനിക അഭ്യാസത്തിന് തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയയുടെ ഈ പരീക്ഷണങ്ങൾ നടന്നത്. സൈനിക പ്രകോപനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഉത്തരകൊറിയൻ പ്രതിരോധമന്ത്രി കിം സോങ് ഗി മുന്നറിയിപ്പ് നൽകിയിരുന്നു.

യു.എസും സഖ്യകക്ഷികളും മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുകയാണെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരിയും മുതിർന്ന ഭരണകക്ഷി ഉദ്യോഗസ്ഥയുമായ കിം യോ ജോങ് സെപ്റ്റംബർ 18-ന് ആരോപിക്കുകയും രാജ്യത്തിന്റെ ആണവ പ്രതിരോധശേഷി വർധിപ്പിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

Content Highlights: North Korea conducts another missile test, escalating tensions on the Korean Peninsula, following joint military exercises by South Korea, the US, and Japan.