യുഎസിലെ രണ്ടാമത്തെ വലിയ നഗരത്തെ മലയാളി നയിക്കുമോ; ലോസ് ഏഞ്ജലീസ് മേയർ പോരാട്ടത്തിൽ മുന്നേറി നിത്യ രാമൻ

#ന്യൂസ് ഡെസ്ക്
നിത്യ രാമന്‍ |ഫോട്ടോ:AFP
നിത്യ രാമന്‍ |ഫോട്ടോ:AFP

വാഷിങ്ടൺ: അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലോസ് ഏഞ്ജലീസിന്റെ മേയർ കാരൻ ബാസ് അവരുടെ 25 വർഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളിയാണ് ചൊവ്വാഴ്ച രാത്രി നേരിടേണ്ടി വന്നത്. നിത്യ രാമൻ എന്ന മലയാളിയാണ് കാരൻ ബോസിനെ ടെലിവിഷൻ സംവാദത്തിൽ മലർത്തിയടിച്ചത്. നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ലോസ് ഏഞ്ജലീസ് മേയർ സ്ഥാനാർത്ഥികളുടെ അവസാന സംവാദത്തിലായിരുന്നു ഇത്. തീപാറുന്ന ഈ ടെലിവിഷൻ സംവാദത്തിനുശേഷം തന്റെ മുൻ രാഷ്ട്രീയ സഖ്യകക്ഷിയും നിലവിലുള്ള മേയറുമായ കാരൻ ബാസിനെതിരെ നിത്യ മുൻതൂക്കം നേടി.

ശക്തമായ ഡെമോക്രാറ്റിക് സ്വാധീനമുള്ള ലോസ് ആഞ്ജലീസിൽ ഒരേ പാർട്ടിയിലെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. പരമ്പരാഗത ഡെമോക്രാറ്റിക് നേതൃത്വത്തെ കാരൻ ബാസ് പ്രതിനിധീകരിക്കുമ്പോൾ, ഇടതുപക്ഷ ചിന്താഗതിക്കാരെയും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഗ്രൂപ്പുകളെയുമാണ് നിത്യ രാമൻ പ്രതിനിധീകരിക്കുന്നത്. ജൂണിൽ നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ആർക്കുംകേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും കാരൻ ബാസ് മുന്നിലെത്തിയിരുന്നു. തുടർന്നാണ് അവരുടെ ജനപ്രീതിയിൽ ഇടിവ് വന്നത്.

ലോസ് ഏഞ്ജലീസിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾ, പോലീസ്, പൊതു സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് 75-കാരിയായ കാരൻ ബാസുമായി 45-കാരിയായ നിത്യ ഏറ്റുമുട്ടിയത്. നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ലോസ് ഏഞ്ജലീസിന്റെ ആദ്യ ഇന്ത്യൻ വംശജയായ മേയറായി നിത്യ രാമൻ മാറും. തൃശ്ശൂർ സ്വദേശിയായ നിത്യ തന്റെ ആറാം വയസ്സിലാണ് യുഎസിലേക്ക് കുടുംബത്തോടൊപ്പം ചേക്കേറിയത്.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമായ രാമൻ, ആറ് വർഷമായി സിറ്റി കൗൺസിൽ അംഗമായി സേവനമനുഷ്ഠിക്കുന്നുണ്ട്. മുമ്പ് കാരൻ ബാസിനെ പിന്തുണച്ചിരുന്ന നിത്യ രാമൻ കഴിഞ്ഞ വർഷം ജനുവരിയിൽ ലോസ് ഏഞ്ജലീസ് നഗരം വലിയൊരു തീപ്പിടിത്തത്തെ നേരിട്ടപ്പോൾ ബാസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും മേയറുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്നും ആരോപിച്ചാണ് മത്സര രംഗത്തേക്ക് വന്നത്.

ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും തോൽക്കാതിരുന്ന കാരൻ ബാസ് ലോസ് ഏഞ്ജലീസ് മേയറായി രണ്ടാം തവണയാണ് മത്സരിക്കുന്നത്. ഇത്തവണയും അനായാസ വിജയം ഉറപ്പിച്ചിരുന്ന കാരൻ ബാസിന് അപ്രതീക്ഷിതമായിട്ടാണ് നിത്യ രാമൻ എതിരാളിയായി എത്തുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതിക്ക് ഏതാനും മണിക്കൂറുകൾ മുമ്പാണ് നിത്യ മത്സരത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്നത്.

തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾമാത്രം ബാക്കിനിൽക്കെ, നിരവധി അഭിപ്രായ സർവേകളിൽ ബാസ് പിന്നിലാണ്. ചിലതിൽ നേരിയ വ്യത്യാസത്തിലും മറ്റ് ചിലതിൽ വലിയ ഭൂരിപക്ഷത്തിലുമാണ് അവർ പിന്തള്ളപ്പെട്ടിരിക്കുന്നത്.

ലോസ് ഏഞ്ജലീസിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പിന്തുണ നിത്യ രാമനുണ്ട്, അവർ അതിന്റെ ദീർഘകാല അംഗവുമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നഗരത്തിലുടനീളം വീടുകൾ തോറും കയറിയിറങ്ങി വോട്ടർമാരെ കാണുന്നുണ്ട് അവരുടെ വലിയൊരു സന്നദ്ധപ്രവർത്തകരുടെ ശൃംഖല.

ചൊവ്വാഴ്ച നടന്ന ഒരു മണിക്കൂർ നീണ്ട സംവാദത്തിൽ രാമൻ 'ഗൗരവമില്ലാത്തവളും തീരുമാനമെടുക്കാൻ കഴിയാത്തവളും' ആണെന്ന് ബാസ് കുറ്റപ്പെടുത്തി. ലോസ് ഏഞ്ജലീസിന് 'ഇനി നാല് വർഷം കൂടി തകർച്ചയും തെറ്റായ ഭരണവും ഒഴിവുകഴിവുകളും താങ്ങാൻ കഴിയില്ല' എന്ന് പറഞ്ഞ് നിത്യ രാമൻ തിരിച്ചടിച്ചു.

ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ തിയറിയിൽ ബിരുദവും തുടർന്ന് എം.ഐ.ടിയിൽ നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് നിത്യ. ചൊവ്വാഴ്ച രാത്രിയിലെ സംവാദത്തിന് മുന്നോടിയായി, കാലിഫോർണിയ സർവകലാശാലയിലെ ബെർക്ക്ലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവൺമെന്റൽ സ്റ്റഡീസ് നടത്തിയ സർവേയിൽ ബാസിനേക്കാൾ 11 പോയിന്റ് മുൻതൂക്കം നിത്യ രാമൻ നേടിയിട്ടുണ്ട്. സംവാദത്തിനുശേഷം ബുധനാഴ്ച നടത്തിയ ഒരു സർവേയിൽ നിത്യ രാമന്റെ വിജയസാധ്യത 56 ശതമാനമായിരുന്നു. ബാസിന്റേത് 45 ശതമാനവും.

Content Highlights: Malayali-origin Nithya Raman dominates the final LA mayoral debate against incumbent Karen Bass., Nithya Raman leads in recent polls ahead of the November 3 election., Key issues debated include homelessness, public safety, and leadership during crises., If elected, Nithya Raman will be the first Indian-American mayor of Los Angeles.