വീടില്ലാത്തവർക്കായി പോരാടിയ തൃശ്ശൂർക്കാരി; ഇന്ന് ലോസ് ആഞ്ജലിസ് മേയറായി തിരഞ്ഞെടുക്കപ്പെട്ട നിത്യാ രാമൻ

തൃശ്ശൂർ: അമേരിക്കയിലെ ലോസ് ആഞ്ജലിസ് മേയർസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട തൃശ്ശൂർക്കാരി നിത്യാ രാമനെ സാമൂഹിക, രാഷ്ട്രീയപ്രവർത്തകയാക്കിയത് ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ ജീവിതത്തിൽ എന്തുചെയ്യാനാകുമെന്ന ആലോചനയാണ്. രാഷ്ട്രീയവും നഗരാസൂത്രണവും പഠനമേഖലയായി തിരഞ്ഞെടുത്ത നിത്യ ഭവനരഹിതരുടെ പ്രശ്നങ്ങൾ പ്രചാരണായുധമാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടതും അടിസ്ഥാനജനവിഭാഗങ്ങളോടുള്ള ഉള്ളുതൊട്ടുള്ള അനുഭാവംകൊണ്ടുതന്നെ.
പഠനകാലത്ത് ഡൽഹിയിലെത്തി ആംനസ്റ്റി ഇൻർനാഷണൽ പോലുള്ള മനുഷ്യാവകാശസംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ഈ അനുഭവങ്ങളാണ് ലോസ് ആഞ്ജലിസിലെ ഭവനരഹിതരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രേരണയായതെന്ന് പല അഭിമുഖങ്ങളിലും നിത്യ പറഞ്ഞിട്ടുണ്ട്. ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ‘ദ ഹസാർഡ്സ് സെന്റർ’ എന്ന സന്നദ്ധസംഘടനയുമായും ഇക്കാലത്ത് അവർ സഹകരിക്കുകയുണ്ടായി.
2009-ൽ ചെന്നൈയിലെത്തി ‘ട്രാൻസ്പാരന്റ് ചെന്നൈ’ എന്ന സന്നദ്ധസംരഭം ആരംഭിച്ച് സാമൂഹികസേവനം തുടങ്ങി. നഗരത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ പ്രശ്നങ്ങൾ വിവരശേഖരണത്തിലൂടെയും മാപ്പിങ്ങിലൂടെയും പൊതുജനശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. കുടിയൊഴിപ്പിക്കൽഭീഷണി നേരിടുന്നവരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവരുടെ അടിസ്ഥാനസൗകര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്തു. തെരുവുകച്ചവടക്കാർ, മത്സ്യവിൽപ്പനക്കാർ, പൂക്കച്ചവടക്കാർ തുടങ്ങി അസംഘടിതമേഖലയിലെ തൊഴിലാളികൾക്കിടയിലായിരുന്നു പ്രവർത്തനം. 2013-ലാണ് അമേരിക്കയിലേക്കു മടങ്ങിയത്.
ഇടതുരാഷ്ട്രീയപശ്ചാത്തലമുള്ള നിത്യ ഡെമക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക(ഡി.എസ്.എ.)യുടെ പിന്തുണയോടെയാണ് 2020-ലെ ലോസ് ആഞ്ജലിസ് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇപ്പോൾ മേയർ തിരഞ്ഞെടുപ്പിലും ഡി.എസ്.ഐ. നിത്യയ്ക്കൊപ്പമുണ്ട്. വാടകക്കാരുടെ അവകാശസംരക്ഷണം, ഭവനരഹിതർക്ക് താമസസൗകര്യം, കുടിയേറ്റക്കാരുടെ അവകാശസംരക്ഷണം, പൊതുഗതാഗതവികസനം തുടങ്ങിയ വിഷയങ്ങളിലും ഇടതുനിലപാടാണ് നിത്യയ്ക്കുള്ളത്.
Content Highlights: Thrissur native Nithya Raman elected as the Mayor of Los Angeles., Focused her campaign on homelessness, affordable housing, and marginalized communities., Previously founded 'Transparent Chennai' and worked with Amnesty International., Backed by the Democratic Socialists of America with a left-leaning political platform