ന്യൂ ഓർലിയൻസ് ആക്രമണം: അക്രമി മുൻ സൈനികൻ; കുടുംബത്തെ കൊല്ലുന്നതിനു പകരം ഐ.എസിൽ ചേർന്നെന്ന് വീഡിയോ

ന്യൂ ഓര്‍ലിയന്‍സ്: യു.എസ്. നഗരമായ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവര്‍ഷാഘോഷത്തിനിടയില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ അക്രമി യുഎസ് സൈന്യത്തില്‍ 13 വർഷം സേവനം നടത്തിയയാള്‍. ടെക്‌സസ് സ്വദേശിയായ ഷംസുദ്ദീന്‍ ജബ്ബാര്‍ എന്ന 42-കാരനാണ് 15 പേരുടെ ജീവനെടുത്ത അക്രമി. ഭീകരാക്രമണമാണെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ഇയാൾ ഓടിച്ചിരുന്ന ട്രക്കിൽ നിന്ന് ഐഎസ് പതാക കണ്ടെടുത്തതായും എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഇയാൾ ബോധപൂർവം നടത്തിയ ആക്രമണമാണെന്ന് വ്യക്തമാണെന്നും പരമാവധി ആളുകളെ കൊല്ലാൻ ശ്രമം നടത്തിയെന്നും എഫ്ബിഐ വക്താക്കൾ പറയുന്നു. ആക്രമണത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുന്നതും ആളുകൾ ചിതറിയോടുന്നതും വീഡിയോയിൽ കാണാം.
2007 മുതല്‍ 2020 വരെയാണ് ഇയാള്‍ സൈന്യത്തില്‍ സേവനം നടത്തിയത്. സൈന്യത്തില്‍ ഐടി-എച്ച് ആര്‍ വിദഗ്ധനായിരുന്നു ഷംസുദ്ദീന്‍. 2009-ല്‍ അഫ്ഗാനിസ്താനില്‍ വിന്യസിച്ച സൈന്യത്തിന്റെ ഭാഗമായി. 2015-നു ശേഷം ആര്‍മി റിസേര്‍വിലേക്ക് മാറി. 2020-ലാണ് ഔദ്യോഗികമായി വിരമിക്കുന്നത്. അതിനു ശേഷം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായി ജോലി നോക്കുകയായിരുന്നു. സജീവ സൈനിക സേവനത്തില്‍ നിന്നുമാറിയ ശേഷം ജോര്‍ജിയ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും നേടിയിരുന്നു. ഷംസുദ്ദീൻ ഇത്തരത്തിലൊരു പാതകം ചെയ്യുമെന്നത് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു സുഹൃത്തുക്കളുടെ പ്രതികരണം. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്നായാളായിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു. ഷംസുദ്ദീനും സഹോദരങ്ങളും ചെറുപ്പത്തിൽ ഇസ്ലാം മതം സ്വീകരിച്ചതാണ്.
ഷംസുദ്ദീന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു എന്ന് എഫ്.ബി.ഐ. വ്യക്തമാക്കുന്നു. രണ്ടു തവണ വിവാഹം ചെയ്തു. രണ്ടും വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു. വിവാഹമോചനത്തിനായുള്ള കാരണമായി ഷംസുദ്ദീന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതും സാമ്പത്തികബുദ്ധിമുട്ടാണ്. ന്യൂ ഓര്‍ലിയന്‍സില്‍ അക്രമം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഐഎസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അക്രമം നടത്താനൊരുങ്ങുന്നതെന്ന് വ്യക്തമാക്കിയിരുന്നു എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. കൂടാതെ ഇയാള്‍ മുമ്പ് പങ്കുവെച്ച വീഡിയോകളില്‍ വിവാഹമോചനത്തെ പറ്റിയും കുടുംബത്തെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായും ഇതിനു പകരമായാണ് ഐഎസില്‍ ചേര്‍ന്നതെന്നും പരാമര്‍ശിക്കുന്നുണ്ട്. ഇത് എഫ്ബിഐ പരിശോധിച്ചു വരികയാണ്.