‘അസാമാന്യ ധൈര്യം, യഥാർഥ നായകൻ’ ഫ്ളൈ ദുബായ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു

#ന്യൂസ് ഡെസ്ക്

ടെൽ അവീവ്: അട്ടിമറി ശ്രമമുണ്ടായ ദുബായ്-ടെൽ അവീവ് ഫ്ളൈ ദുബായ് വിമാനത്തിലെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ധീരമായി പോരാടിയ ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ അസാമാന്യ ധൈര്യത്തെ നെതന്യാഹു പ്രശംസിച്ചു. 

ദുബായിൽനിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുപറന്ന ഫ്‌ലൈ ദുബായ് വിമാനമാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിലെ പൈലറ്റുമാരിലൊരാൾ സഹപൈലറ്റിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതാണ് നടുക്കുന്ന സംഭവത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാൻ പൗരനാണെന്നാണ് പ്രാഥമികവിവരം.

പൈലറ്റ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നും വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചെന്നുമാണ് ഭയന്നുവിറച്ച യാത്രക്കാർ പറയുന്നത്. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമംകാട്ടിയ പൈലറ്റിനെ കീഴ്പ്പെടുത്തി. വിമാനത്തിനുള്ളിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റുരണ്ടു പൈലറ്റുമാർ വിമാനനിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി തിരിച്ചിറക്കിയതോടെയാണ് ദുരന്തം വഴിമാറിയത്. ക്യാപ്റ്റന്റെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ വൻ വിമാന ദുരന്തമാണ് ഒഴിവാക്കിയത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ കുറിച്ച സന്ദേശത്തിൽ നെതന്യാഹു ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'യഥാർത്ഥ നായകൻ' എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സൈപ്രസിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസറും ക്യാപ്റ്റൻ മച്ഛാറിന്റെ ധീരതയെ പ്രശംസിച്ചു. പരിചയസമ്പന്നനായ ഇന്ത്യൻ പൈലറ്റിന്റെയും യാത്രക്കാരുടെയും ധൈര്യമാണ് 180 ആളുകളുടെ ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു.

ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പ്രവൃത്തിപരിചയവും 9,750-ലധികം ഫ്‌ലൈയിംഗ് മണിക്കൂറുകളുമുള്ള മുതിർന്ന പൈലറ്റാണ് ക്യാപ്റ്റൻ സ്മിത് മച്ഛാർ. മുൻപ് 10 വർഷത്തോളം ഇന്ത്യയിലെ സ്‌പൈസ്‌ജെറ്റിൽ സീനിയർ കമാൻഡറായും ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചു. 2022 ജൂണിലാണ് യു.എ.ഇ അധിഷ്ഠിത വിമാനക്കമ്പനിയായ ഫ്‌ലൈദുബായിൽ ക്യാപ്റ്റനായി ചേർന്നത്.

Content Highlights: Israeli PM Benjamin Netanyahu praised Captain Smith Machar, an Indian-origin pilot, for saving 180 passengers., A FlyDubai flight from Dubai to Tel Aviv was forced to make an emergency landing in Tabuk, Saudi Arabia, following an in-flight altercation., Passengers and crew subdued the co-pilot who attacked Captain Machar, while off-duty pilots safely landed the aircraft., Captain Smith Machar has over 13 years of experience and previously worked with SpiceJet in India before joining FlyDubai.