നേപ്പാളിൽ പേമാരിയും ഉരുൾപൊട്ടലും, 68 മരണം; ഇടിഞ്ഞിറങ്ങി മലകൾ, നദികൾ കരകവിഞ്ഞു | വീഡിയോ

#ന്യൂസ് ഡെസ്ക്
നേപ്പാളിലെ റസുവ ജില്ലയിൽ, ഓഗസ്റ്റ് 26-നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് തകർന്ന വീടുകൾ | PHOTO: AFP
നേപ്പാളിലെ റസുവ ജില്ലയിൽ, ഓഗസ്റ്റ് 26-നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് തകർന്ന വീടുകൾ | PHOTO: AFP

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 68 ആയി. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും വീടുകൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഗണ്ഡകി, ലുംബിനി പ്രവിശ്യകളിലെ മനാങ്, മ്യാഗ്ദി, ബാഗ്ലുങ്, പർബത്, പാൽപ തുടങ്ങിയ ജില്ലകളെയാണ് ദുരന്തം രൂക്ഷമായി ബാധിച്ചത്. സെക്കൻഡുകൾക്കുള്ളിൽ കൂറ്റൻ മലയിടിഞ്ഞുവീഴുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കും. കാണാതായവർക്കായുള്ള തിരച്ചിൽ തുടന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും റോഡ് തടസ്സപ്പെട്ടിരിക്കുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

കാളിഗണ്ഡകി, നാരായണി, തിനൗ എന്നീ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമായത്. ദുരന്തത്തിൽ 143 വീടുകൾ പൂർണമായും തകർന്നതായാണ് കണക്കുകൾ. സ്യാങ്ജയെയും ഗുൽമിയെയും ബന്ധിപ്പിക്കുന്ന പ്രധാന കോൺക്രീറ്റ് പാലം പ്രളയത്തിൽ ഒലിച്ചുപോയി. കാളിഗണ്ഡകി എ ഉൾപ്പെടെയുള്ള വിവിധ ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനവും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Content Highlights: Death toll reaches 68 due to continuous heavy rain and landslides in Nepal., Gandaki and Lumbini provinces severely affected with major infrastructure damage., Rescue operations hindered by bad weather and blocked roads., Over 1,500 people left homeless as 143 houses were completely destroyed.